ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയെടുത്തു, ഒളിവില്‍ പോയ പ്രതി പിടിയില്‍

  • 01/01/2022

മാന്നാർ: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് എഴുപതോളം പേരിൽ നിന്നായി അൻപതു ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശകമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി  മാന്നാർ പാവുക്കര അരികുപുറത്ത് ബോബി തോമസി (49)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസമായി ഇയാള്‍ ഒളിവിൽ കഴിയുകയായിരുന്നു. 

തട്ടിപ്പിനിരയായ യുവാക്കൾ നവംബർ 16-ന് മാന്നാർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പൊലീസ് അന്വേഷണം നടന്നു വരികയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ ബോബി തോമസ് പുതിയ സിം കാർഡ് ഉപയോഗിച്ച് വരവേ കഴിഞ്ഞ ദിവസം പൊലീസിന്റെ കയ്യിൽ ഈ നമ്പർ ലഭിക്കുകയും ഫോൺ നമ്പർ കേന്ദ്രീകരിച്ചു  നടത്തിയ അന്വേഷണത്തില്‍ കാർത്തികപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള മുപ്പത്തി ഏഴോളം പേരാണ് പരാതി മാന്നാർ പൊലീസ് സ്റ്റേഷനിൽ നൽകിയത്, മൂന്ന് വർഷമായി പരാതിക്കാർ ബോബി തോമസിൽ നിന്നും കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുന്നുവെന്നും പല തവണ അവധി പറഞ്ഞ് പറ്റിച്ചതായും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

Related News