കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ വലിയ അപാകത, വേണ്ടത്ര സിസിടിവിയും സുരക്ഷാ ജീവനക്കാരുമില്ല

  • 09/01/2022

കോട്ടയം: നവജാത ശിശുവിനെ തട്ടിയെടുത്ത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ വലിയ അപാകത. 40 സുരക്ഷാ ജീവനക്കാരുടെ കുറവാണ് ആശുപത്രിയിലുള്ളത്. പ്രധാന കവാടങ്ങളിൽ സിസിടിവിയുമില്ല. ആശുപത്രി പരിസരത്തുള്ള ക്യാമറകളിൽ മിക്കവയും പ്രവർത്തിക്കുന്നുമില്ല. ആശുപത്രി പരിസരത്ത് ക്രിമിനലുകളുടെ സാന്നിധ്യവും കൂടുകയാണെന്നാണ് പരാതി. 

കോട്ടയം മെഡിക്കൽ കോളേജിലെ പ്രധാന കവാടങ്ങളിലൂടെ ആർക്കും കടന്നുവരാം. സുരക്ഷാ പരിശോധനകൾ ഒന്നുമില്ല. സിസിടിവി ക്യാമറകളുടെ നിരീക്ഷണവുമില്ല. വാഹനത്തിൻറെ നമ്പർ പ്ലേറ്റ് പതിയുന്ന, രാത്രികാല ദൃശ്യം വ്യക്തതയോടെ കിട്ടുന്ന ക്യാമറകൾ പ്രധാന കവാടങ്ങളിൽ സ്ഥാപിക്കണമെന്ന പൊലീസ് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. നടപടിയെടുക്കുന്നതിൽ അലംഭാവം തുടരുന്നു. ആശുപത്രിക്ക് പുറത്തും അകത്തുമായുള്ള ക്യാമറകളിൽ പ്രവർത്തിക്കുന്നത് എഴുപത് ശതമാനം മാത്രം. 

കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൻറെ പശ്ചാത്തലത്തിൽ കണ്ടെത്തിയിരിക്കുന്നത് ഗൗരവതരമായ സുരക്ഷാ പാളിച്ച. ഇതെല്ലാം കൊണ്ട് തന്നെ ക്രിമിനലുകൾ ആശുപത്രി പരിസരത്തെ താവളമാക്കുന്നു. കൂടുതലും അന്യജില്ലകളിൽ നിന്നുള്ളവർ. ആറ് മാസത്തിനകം ഇരുപതിലധികം ക്രിമിനൽ കേസ് പ്രതികളെ പൊലീസ് പിടികൂടി. കൂടുതലും മൊബൈൽ ഫോണും ബൈക്ക് മോഷ്ടിച്ച സംഭവങ്ങൾ. ഒരു മാസം മുമ്പ് കോഴിക്കോട് സ്വദേശിയെ പിടിച്ചത് കൂട്ടിരുപ്പുകാരിൽ പലപ്പോഴായി മോഷ്ടിച്ച 25ൽ അധികം മൊബൈൽ ഫോണുകളുമായി. 

സുരക്ഷാ ജീവനക്കാരുടെ കുറവും മറ്റൊരു പ്രധാന പ്രതിസന്ധിയാണ്. നിലവിലുള്ളത് 60 ശതമാനം മാത്രം ജീവനക്കാർ. 40 പേരുടെ കുറവ്. പല കവാടങ്ങളിലും ഒരു സമയം ജോലിയിൽ ഉണ്ടാകുന്നത് ഒരാൾ മാത്രം. സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കേണ്ട ചീഫ് സെക്യൂരിറ്റി ഓഫീസറുടെ മൂന്ന് തസ്തികയിൽ രണ്ടെണ്ണവും ഒഴിഞ്ഞ് കിടക്കുന്നു. സുരക്ഷാ ജീവനക്കാരെ എടുക്കാൻ തീരുമാനിച്ചെങ്കിലും തുച്ഛമായ വരുമാനം കാരണം ആരും എത്തുന്നില്ല. ദിവസക്കൂലി 530 രൂപമാത്രം. ഇത് പുതുക്കി നിശ്ചയിക്കാൻ ആശുപത്രി ഫണ്ടിൻറെ അപരാപ്തതയാണ് വെല്ലുവിളി. കുട്ടിയെ തട്ടിയെടുത്ത സംഭവത്തോടെ പരിശോധനകൾ കൂട്ടിയെങ്കിലും അപാകതകൾക്ക് മാറ്റമില്ല.

Related News