കുതിരാനിലെ ടോൾ പിരിവ്; ദേശീയ പാത അതോറിറ്റിയുടെ വാദം തെറ്റെന്ന് വിവരാവകാശ രേഖ

  • 21/01/2022

തൃശ്ശൂർ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ 98 ശതമാനം പണികളും പൂർത്തിയാക്കിയെന്ന ദേശീയ പാത അതോറിറ്റിയുടെ വാദം തെറ്റെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകൾ. റോഡ് പണി പൂർത്തിയായെന്ന് കാണിച്ച് ടോൾ പിരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി വിവരാവകാശ രേഖ. കുതിരാനിലെ രണ്ടാം തുരങ്കം തുറന്നയുടൻ ടോൾ പിരിവിനുളള നീക്കത്തിലായിരുന്നു ദേശീയപാത അതോറിറ്റി.  അടിപ്പാതകളും സർവീസ് റോഡുകളും ഉൾപ്പെടെയുളളവുടെ നിർമ്മാണം ബാക്കി കിടക്കുമ്പോഴാണ് ടോൾ പിരിവിന് നീക്കം നടക്കുന്നത്. 

ടോൾ പിരിക്കാൻ നിർമ്മാണ കരാർ കമ്പനിക്ക്  അനുമതി നൽകിയത് ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റി തൃശൂർ ജില്ല ഭരണകൂടത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കരാർ പ്രകാരം തീർക്കാനുളളത് ഇനിയുമെത്രയോ ജോലികളാണെന്ന് വിവരാവകാശ നിയമപ്രകാരം ദേശീയപാത അതോറിറ്റി നൽകിയ രേഖകൾ വ്യക്തമാക്കുന്നു. രണ്ടാം തുരങ്കത്തിൻറെ അപ്രോച്ച് റോഡ് പോലും പണി തീര്ന്നിട്ടില്ല.

ദേശീയപാതയുടെ 2.55 കി.മി. റോഡ് ഇനിയും പൂർത്തിയായിട്ടില്ല. 32.72 കി.മി. ദൂരമുള്ള സർവ്വീസ് റോഡിൽ 3.63 കി. മീ. ദൂരം പണി ബാക്കിയാണ്. 8 കി.മി. ദൂരം റോഡിന്റെ അരികിൽ കാന നിർമ്മിച്ചിട്ടില്ല. ട്രക്കുകളുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട പണികൾ, റോഡരികിലെ സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടില്ല.12 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം, മൂന്നു വലിയ ജംഗ്ഷനുകളുടേയും 5 ചെറിയ ജംഗ്ഷനുകളുടേയും വികസനം എന്നിവ എങ്ങുമെത്തിയിട്ടില്ല. മുളയം മുടിക്കോട് ജംഗ്ഷനിലെ അടിപ്പാതകളുടെ എസ്റ്റിമേറ്റുകൾക്ക് ഇതുവരെ ദേശീയ പാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.എന്നാൽ ഇതൊന്നുമില്ലെങ്കിലും വടക്കഞ്ചേരിയിലെ ടോൾ പ്ലാസ ചുങ്കം പിരിവിനായി തയ്യാറായി കഴിഞ്ഞു.

Related News