ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്ക്

  • 27/01/2022

സുൽത്താൻബത്തേരി: ടിക്കറ്റ് പ്രിന്റിങ് മെഷീൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കെഎസ്ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും നിസാര പരിക്കേറ്റു. സുൽത്താൻ ബത്തേരി ഡിപ്പോയിൽ ജീവനക്കാരുടെ വിശ്രമ മുറിയിൽ രാവിലെയായിരുന്നു സംഭവം. പുലർച്ചെ തിരുവനന്തപുരത്ത് നിന്ന എത്തിയ സൂപ്പർ ഡീലക്‌സ് ബസിൽ ഉപയോഗിച്ച മെഷീനാണ് പൊട്ടിത്തെറിച്ചത്. പൂർണമായും കത്തിയമർന്ന മെഷീൻ സമീപത്ത് നിന്ന് മാറ്റുമ്പോഴാണ് കണ്ടക്ടർ പെരുമ്പാവൂർ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവർ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്ക് പരിക്കേറ്റത്. 

ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയിൽ ഉറങ്ങുന്നതിനിടയിലായിരുന്നു മെഷീൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഈ സമയം ബർത്തിലായിരുന്നു മെഷീൻ സൂക്ഷിച്ചത്. ശബ്ദംകേട്ട് ഉണർന്ന ജീവനക്കാർ കണ്ടത് മെഷീൻ കത്തുന്നതാണ്. 

കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാൻ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മെഷീൻ ബർത്തിൽ നിന്ന് ഉടൻ മാറ്റിയിട്ടു. ഇതിനിടെയാണ് ഇരുവരുടെയും വിരലുകൾക്ക് പൊള്ളലേറ്റത്. അതേസമയം മെഷീൻ പൊട്ടിത്തെറിക്കാനുണ്ടായ കാരണം സംബന്ധിച്ച് ജീവനക്കാർക്ക് വ്യക്തതയില്ല. അന്വേഷണത്തിനുവേണ്ടി മെഷീൻ മാറ്റിയിട്ടുണ്ട്. 

ഒരുമാസം മുമ്പ് മൈക്രോ എഫ്എക്‌സ് എന്ന കമ്പനിയിൽ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിക്കുന്നതെന്നും ജീവനക്കാർ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി കമ്പനി അധികൃതരെയും വിവരമറിയിക്കും.

Related News