വാവാ സുരേഷിനായി കുറിച്ചി ഗ്രാമത്തിൽ രാത്രി മുഴുവൻ പ്രാർത്ഥന; നാടിനെ രക്ഷിക്കാൻ വന്നയാളിന്റെ അപകടം സഹിക്കാനായില്ല

  • 01/02/2022

കോട്ടയം: കുറിച്ചി പാട്ടശ്ശേരി ഗ്രാമം പ്രാർത്ഥനകളിലും പ്രതീക്ഷകളിലുമാണ്. നാടിനെ രക്ഷിക്കാൻ എത്തിയവൻ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു എന്നത് ഈ ഗ്രാമത്തെ ആകെ വേദനിപ്പിക്കുന്നു എന്ന് പാട്ടശ്ശേരി സ്വദേശിനി തങ്കമണി പറയുന്നു. വാവാ സുരേഷ് അത്രയ്ക്ക് പ്രിയപ്പെട്ടവനായി മാറി കഴിഞ്ഞു. ഞങ്ങളെ സംബന്ധിച്ച് ഉറങ്ങാൻ കഴിയുന്ന അവസ്ഥയല്ല ഇപ്പോൾ ഉള്ളത്. ഇന്നലെ രാത്രി മുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു എന്ന് തങ്കമണി പറഞ്ഞു. ഞാനൊരു വിശ്വാസിയാണ് അതുകൊണ്ട് തന്നെയാണ് ദൈവത്തെ വിളിച്ചത്. ദൈവം വാവാ സുരേഷിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരും എന്ന് തങ്കമണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പാട്ടശ്ശേരി വാണിയപ്പുരയിൽ മിനിയും ഇതെ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. അപ്പർ കുട്ടനാട് മേഖലയിൽ ഏറെ നെൽകൃഷി ഉള്ള ഇടങ്ങളിൽ ഒന്നാണ് കുറിച്ചി പാട്ടശ്ശേരി. ഇവിടെ നിരവധി പാമ്ബുകൾ എത്താറുണ്ട്. പക്ഷേ നാടിനാകെ ഭീഷണിയാകുന്ന നിലയിലായിരുന്നു ഈ മൂർഖൻ അവിടെ ഉണ്ടായിരുന്നത്. ഒരാഴ്ച മുൻപാണ് വീടിന് മുന്നിൽ വഴിയരികിൽ ചേർന്നുകിടക്കുന്ന പാറക്കല്ലുകൾക്ക് ഇടയിൽനിന്ന് ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. അന്നുതന്നെ വാർഡ് മെമ്പർ ആയ മഞ്ജീഷ് വഴി വാവ സുരേഷിനെ വിളിച്ചിരുന്നു. എന്നാൽ വാഹനാപകടത്തിൽ പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.

ഇതിനുശേഷം ഞായറാഴ്ച വാവാ സുരേഷ് തന്നെ തിരികെ വിളിച്ച് തിങ്കളാഴ്ച എത്തും എന്ന് അറിയിക്കുകയായിരുന്നു. വൈകുന്നേരം നാലേകാലോടെയാണ് വാവാ സുരേഷ് സ്ഥലത്തെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ തന്നെ നാട്ടുകാരാണ് കല്ലുകൾ മാറ്റി കൊടുത്തത്. തുടർന്ന് വളരെ വേഗത്തിൽ പാമ്പിനെ പിടിക്കാനായി. പാമ്പ് കടിയേറ്റപ്പോൾ പാമ്പിനെ വലിച്ച് നിലത്തിട്ടു എങ്കിലും വീണ്ടും തിരികെ പോയി പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് വാവസുരേഷ് ആശുപത്രിയിലേക്ക് പോയത്.

പാമ്പുകടിയേറ്റ ഉടനെ വാവാ സുരേഷ് സ്വയം പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. കടിച്ച ഭാഗത്ത് നിന്നും രക്തം പുറത്തേക്ക് ഒഴുക്കി. തുടർന്ന് ആരോടും പേടിക്കണ്ട എന്ന് പറഞ്ഞു. അതിനുശേഷം സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് പോയത്. വീട് ഉടമസ്ഥൻ നിജു അടക്കമുള്ളവരും സ്വന്തം കാറിൽ ഇതിനെ അനുഗമിച്ചു. ഇടയ്ക്കുവെച്ച് വാവസുരേഷിന്റെ ഡ്രൈവർക്ക് വഴിയറിയാതെ വന്നതോടെ നിജുവിന്റെ കാറിൽ കയറി ആണ് തുടർയാത്ര ചെയ്തത്. താൻ ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വാവാ സുരേഷ് ഒപ്പം ഉള്ളവരോട് പറഞ്ഞു. എന്നാൽ നാട്ടകം സിമന്റ് കവലയ്ക്ക് സമീപം എത്തിയപ്പോൾ തന്നെ ഗുരുതരാവസ്ഥയിൽ ആയി. ഇതോടെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാവസുരേഷിനെ നിർദ്ദേശിക്കുകയായിരുന്നു.

ഇതോടെയാണ് തിരുന്നക്കരയിലെ ഭാരത് ആശുപത്രിയിലേക്ക് വാവാ സുരേഷിനെ എത്തിച്ചത്. ഇവിടെ നൽകിയ പ്രാഥമിക ശുശ്രൂഷയും നിർണായകമായി. വെന്റിലേറ്റർ ലേക്ക് വേഗം പ്രവേശിപ്പിക്കാൻ ആയത് ഗുണം ആയെന്ന വിലയിരുത്തലാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും. ഒരു നാടിനാകെ മറക്കാനാകാത്ത സംഭവമാണ് ഇന്നലെ ഉണ്ടായത്. പാമ്പിനെ കാണാനല്ല വാവസുരേഷിനെ കാണാനാണ് തങ്ങൾ എത്തിയത് എന്നാണ് തങ്കമണി പറഞ്ഞത്. നാടിനെ രക്ഷിക്കാൻ എത്തിയ ഒരാൾ അതുകൊണ്ടുതന്നെ അപകടത്തിൽ പെട്ടതും ഇവർക്ക് സഹിക്കാൻ ആയിട്ടില്ല. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് കുറിച്ചി നിവാസികൾ.

Related News