മകളുടെ വിവാഹത്തിന് സഹായംതേടി വീടുകളിൽ പിരിവിനെത്തും; കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങും; 50കാരൻ പിടിയിൽ

  • 08/02/2022

മലപ്പുറം: മകളുടെ വിവാഹത്തിന് സഹായമഭ്യർത്ഥിച്ച് വീടുകളിൽ പിരിവിനായെത്തി കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങുന്ന വിദഗ്ധ മോഷടാവിനെ കൽപകഞ്ചേരി പൊലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി മടാരി പള്ളിയാലിൽ അബ്ദുൽ അസീസ് എന്ന 50 കാരനാണ് പൊലീസ് പിടികൂടിയത്.

മലപ്പുറം വൈലത്തൂർ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രതി ആഭരണം കൈക്കലാക്കി മുങ്ങിയിരുന്നു. വീടിന് സൈഡിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയുടെ കൈചെയിൻ, വള, അരഞ്ഞാണം തുടങ്ങിയ മൂന്നര പവൻ ആഭരണങ്ങളാണ് ഇദ്ദേഹം മോഷ്ടിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമായത്താണ് ഇദ്ദേഹം മോഷണത്തിനായി വീടുകളിൽ എത്തുന്നത്. കുട്ടികളുടെ ആഭരണങ്ങളാണ് ഇദ്ദേഹം മോഷ്ടിക്കുന്നത്. കോട്ടക്കൽ, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ ഇദ്ദേഹം മോഷണം നടത്തിയിട്ടുണ്ട്. ഇവിടുത്തെ സ്റ്റേഷനുകളിൽ ഇദ്ദേഹത്തിനെതിരെ കേസുണ്ട്. ജില്ലയിൽ മറ്റുപലയിടത്തും മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്.

മലപ്പുറം എസ് പി സുജിത് ദാസ് ഐ പി എസിന്റെ നിർദേശ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കൽപകഞ്ചേരി സി ഐ പി കെ ദാസിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് അന്വേഷയ്ച്ചുകൊണ്ടിരിക്കെ വയനാട് മേപ്പാടിയിൽ നിന്ന് ചൊവ്വാഴ്ച്ച പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ തെളിവെടുപ്പിന് ശേഷം തിരൂർ കോടതിയിൽ ഹാജരാക്കും.

Related News