കരിപ്പൂരിലെ സ്വർണക്കവർച്ച: ക്വട്ടേഷൻ സംഘത്തലവനും കൂട്ടാളികളും അടക്കം ഏഴുപേർ കൂടി പിടിയിൽ

  • 09/02/2022

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം കവർച്ച ചെയ്ത സംഭവത്തിൽ അന്തർജില്ലാ കവർച്ചാ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി.  മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തലവനും കൂട്ടാളികളുമാണ് പിടിയിലായത്.  

നിലമ്പൂർ ചക്കാലക്കുത്ത് തെക്കിൽ ഷബാദ് (40) വടപുറം പിലാത്തോടൻ ആരിഫ് (32) വടപുറം തൈക്കരത്തൊടിക റനീസ് (32) വാണിയമ്പലം കാട്ടുപറമ്പത്ത് സുനിൽ (39) എടക്കര പയ്യൻകേറിൽ ജിൻസൻ വർഗ്ഗീസ് (29) ചന്തക്കുന്ന് തെക്കേത്തൊടിക ഹാരിസ് ബാബു (43) താനൂർ സ്വദേശി സക്കീർ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കർണാടകയിലേയും വഴിക്കടവിലെയും രഹസ്യകേന്ദ്രങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവർ കവർച്ചക്കായി വന്ന 3 ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളെ രണ്ടാഴ്ച മുൻപും നാലുപേരെ കഴിഞ്ഞദിവസവും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 13 ആയി.സ്വർണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും കേസ് എടുത്തിട്ടുണ്ട്. 

1.5 കിലോ സ്വർണമാണ് പ്രതികളിൽനിന്ന് കണ്ടെടുത്തത്. പിടികൂടിയ ഷബാദിനെ കാപ്പ ചുമത്തി നാടുകടത്തിയതായിരുന്നു. എന്നാൽ നിബന്ധനകൾ ലംഘിച്ച് നിലമ്പൂരിൽ എത്തിയ ഇയാൾ ഗവ. ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെ അക്രമിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്തതോടെ വീണ്ടും ഒളിവിൽപോയി. ഇയാളുടെ പേരിൽ പത്തിലധികം കേസുകളുണ്ടെന്നും കാപ്പാ നിയമപ്രകാരം ഇയാളെ ജയിലിലടയ്ക്കുമെന്നും പോലീസ് പറഞ്ഞു. റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.  

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തിൽ  കൊണ്ടോട്ടി ഡിവൈ.എസ്.പി. അഷറഫിന്റെ നേതൃത്വത്തിൽ കരിപ്പൂർ ഇൻസ്പക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദ് , പ്രത്യേക അന്വേഷണ സംഘങ്ങളായ സത്യനാഥൻ മനാട്ട്, അസൈനാർ, പ്രമോദ്  ശശി കുണ്ടറക്കാട്, അസീസ്, ഉണ്ണികൃഷ്ണൻ,സഞ്ജീവ്, രതീഷ്, അഭിലാഷ്,ജിയോ ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related News