നിയമം ഭരണഘടനാ വിരുദ്ധമെന്ന് മനസ്സിലാക്കാൻ 21 വർഷം വേണ്ടിവന്നുവെന്ന് ലോകായുക്ത

  • 11/02/2022

തിരുവനന്തപുരം: കേരളത്തിലെ ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസ്സിലാക്കാൻ 21 വർഷം വേണ്ടിവന്നുവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ലോകായുക്തയെ വിമർശിക്കുന്ന രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും പ്രസ്താവനകൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയ്ക്കതിരേ വിമർശനമുന്നയിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ച് പേരെടുത്തുപറയാതെ പരോക്ഷമായാണ് ലോകായുക്ത സൂചിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ആർ.എസ്. ശശികുമാർ നൽകിയ കേസിൽ വാദം കേൾക്കുമ്പോഴാണ് ലോകായുക്ത ഈ പരാമർശങ്ങൾ നടത്തിയത്. 14-ാം വകുപ്പുപ്രകാരം ഹർജി പരിഗണിച്ച് റിപ്പോർട്ടുചെയ്യാൻ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

ഓർഡിനൻസ് അംഗീകരിച്ചസ്ഥിതിക്ക് ഈ ഹർജിയിൽ വാദംകേൾക്കാൻ തിടുക്കം കാട്ടേണ്ടതുണ്ടോ എന്ന് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് ചോദിച്ചപ്പോഴാണ് ലോകായുക്ത ഇങ്ങനെ പ്രതികരിച്ചത്. ''വഴിയിൽ എല്ലുകടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തുചെന്നാൽ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതും. പട്ടി എല്ലുമായി ഗുസ്തി പിടിക്കട്ടേ'' -ലോകായുക്ത പറഞ്ഞു.

Related News