സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം ശമിക്കുന്നു; ഇന്ന് നിയന്ത്രണങ്ങളില്ലാത്ത ഞായർ

  • 13/02/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം ശമിക്കുന്നു. കേസുകളുടെ എണ്ണവും രോഗവ്യാപന നിരക്കും കുറഞ്ഞതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് നിയന്ത്രണങ്ങളില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലായിരുന്നു വാരാന്ത്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

മൂന്നാം തരംഗം രൂക്ഷമായിരുന്നപ്പോള്‍ സംസ്ഥാനത്തെ ടിപിആര്‍ 49 ശതമാനമായിരുന്നു. നിലവിലെ ടിപിആര്‍ 20 ശതമാനം മാത്രമാണ്. കേസുകളുടെ എണ്ണത്തിലുമുണ്ടായത് ഗണ്യമായ കുറവാണ്. അരലക്ഷം കടന്നിരുന്ന പ്രതിദിന രോഗികള്‍ ഇപ്പോള്‍ ഇരുപതിനായിരത്തിന് താഴെയാണ്. രോഗവ്യാപന തോത് താഴ്ന്നതോടെ പരിശോധനകളും കുറച്ചിട്ടുണ്ട്.

1.81 ലക്ഷം കോവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. കേസുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്ന തിരുവനന്തപുരത്തും എറണാകുളത്തുമാണ് കൂടുതല്‍ കേസുകള്‍. കോട്ടയം, തൃശൂര്‍, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ അസുഖബാധിതര്‍ പതിനായിരത്തിന് മുകളിലാണ്.

ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെയുള്ള കാലയളവില്‍, ശരാശരി 2,80,489 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളുടെ സഹായം ആവശ്യമായി വന്നത്. 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Related News