ജന്മം നല്‍കിയ ഇരട്ടക്കുട്ടികളെ ഒരുനോക്ക് കാണാനാകാതെ കൃഷ്ണപ്രിയ യാത്രയായി, കണ്ണീരണിഞ്ഞ് ഒരു നാട്

  • 13/02/2022

കാഞ്ഞിരപ്പള്ളി: ജന്മം നല്‍കിയ ഇരട്ടകുട്ടികളെ ഒന്നു കാണാന്‍ പോലും  സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി. പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മകള്‍  24 കാരിയായ കൃഷ്ണപ്രിയ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരിച്ചത്.

ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പിറ്റേ ദിവസം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. അണുബാധയെത്തുടർന്ന് രക്തസമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. 

കൃഷ്ണപ്രിയയുടെ പിതാവ് ഷാജി ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തിയാണ് കുടുംബം നോക്കിയിരുന്നത്. കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്. ചികില്‍സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായിക്കാനൊരുങ്ങി. കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി നാട്ടില്‍ സഹായധനം സ്വരൂപിക്കുന്നതിനിടെയാണ് മരണം തേടിയെത്തിയത്.  തമ്പലക്കാട്ടെ വീട്ടുവളപ്പില്‍ കൃഷ്ണപ്രിയയയുടെ സംസ്കാരം ഇന്ന് നടക്കും.

Related News