കാടുപിടിച്ച സ്ഥലത്ത് മുളവെട്ടാന്‍ പോയവര്‍ കണ്ടത് മനുഷ്യന്‍റെ തലയോട്ടി; രണ്ട് യുവാക്കളെ കാണാതായിട്ട് മാസങ്ങള്‍

  • 13/02/2022

പാലക്കാട്; പാലക്കാട് ചപ്പക്കാട് കാടുപിടിച്ച സ്ഥലത്ത് നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു നിന്നാണ് കഴിഞ്ഞ ദിവസം തലയോട്ടി കണ്ടെത്തിയത്. മുളവെട്ടാൻ പോയ അയ്യപ്പനെന്നയാളാണ് തലയോട്ടി കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്.

ഈ പ്രദേശത്ത് നിന്ന് മാസങ്ങൾക്ക് മുൻപ് രണ്ട് യുവാക്കളെ കാണാതായിരുന്നു. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച്, കൊല്ലങ്കോട് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. മഴക്കാലത്തു നീരൊഴുക്ക് ഉണ്ടാകുന്ന കാടുപിടിച്ച പ്രദേശത്താണ് തലയോട്ടി കിടക്കുന്നത്. രാത്രി വൈകിയതിനാൽ പരിശോധന നടത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. വന്യമൃഗങ്ങളുടെ സാന്നിധ്യവും രാത്രികാല പരിശോധനയ്ക്കു ഭീഷണിയാണ്. എന്നാൽ ഇവിടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

 ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സ്റ്റീഫൻ എന്ന സാമുവൽ, മുരുകേശൻ എന്നിവരെയാണ് അഞ്ചു മാസം മുൻപ് കാണാതായത്. ഈ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചായതിനാൽ മനുഷ്യന്റെ തലയോട്ടി കണ്ടതായുള്ള വിവരം അറിഞ്ഞയുടനെ ക്രൈംബ്രാഞ്ച് സംഘവം സ്ഥലത്തെത്തിയിരുന്നു. യുവാക്കളെ കാണാതായി 166 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ പൊലീസും ക്രൈംബ്രാഞ്ചും ഏറെ ഗൗരവത്തോടെയാണു തലയോട്ടി കണ്ടെത്തിയ സംഭവത്തെ കാണുന്നത്. കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ ഇതു സംബന്ധിച്ചു പ്രതികരിക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.

Related News