50 രൂപയ്ക്ക് പെട്രോള്‍ കടം നല്‍കിയില്ല; പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു

  • 13/02/2022

കാസര്‍ഗോഡ്: കാസര്‍ഗോഡ് 50 രൂപയ്ക്ക് പെട്രോള്‍ കടം നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു. ഉളിയത്തടുക്കയിലാണ് പെട്രോള്‍ പമ്പിലാണ് ഗുണ്ടാ ആക്രമണം നടന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അര്‍ധരാത്രിയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ആദ്യം ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം. ഉളിയത്തടുക്കമധൂര്‍ റോഡിന് സമീപമുള്ള എ. കെ. സണ്‍സ് പെട്രോള്‍ പമ്പിലാണ് ആക്രമണമുണ്ടായത്.

രാത്രി ഒരു മണിക്ക് ശേഷം കൂടുതല്‍ ആളുകള്‍ എത്തുകയും പമ്പിലെ ഓയില്‍ റൂമും ഓഫിസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകര്‍ക്കുകയുമായിരുന്നു. പമ്പിലെ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ക്യാബിനുകളിലെ മുഴുവന്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി.  മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. എട്ടുപേര്‍ക്കെതിരെയാണ് പരാതി. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്ന് പമ്പ് ഉടമയും അറിയിച്ചിട്ടുണ്ട്. 

Related News