വിവാഹം തിങ്കളാഴ്ച, ആദ്യ വിരുന്ന് ശനിയാഴ്ച; നവവധു പുഴയിൽ മരിച്ചനിലയിൽ, ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

  • 13/02/2022

പരപ്പനങ്ങാടി: സ്വന്തം വീട്ടിൽ വിരുന്നിന് വന്ന നവവധുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശാശ്വതനുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. 

ആദ്യ വിരുന്നിനായാണ് ശനിയാഴ്ച ആര്യയും ഭർത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്. അന്ന് വൈകീട്ട് വീട്ടിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പുറത്ത് പോയതാണ് ആര്യ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. എന്നാല്‍ ആര്യയെ കണ്ടെത്താനായില്ല.

പുഴക്ക് സമീപം റോഡരികിൽ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാർ കണ്ടെതോടെ പുഴയിൽ തിരച്ചിൽ നടത്തി. രാത്രി ഏറെ വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഇന്ന് കടലുണ്ടിപ്പുഴയിൽ കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. 

മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റീനയാണ് മാതാവ്. സഹോദരങ്ങൾ: ഭവ്യ, ആദിത്യ. സംഭവത്തിൽ ദുരൂഹയതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

Related News