വിവാദ വെളിപ്പെടുത്തൽ; സ്വപ്ന സുരേഷിനെ ഇ.ഡി. ഇന്ന് ചോദ്യം ചെയ്യും

  • 14/02/2022

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

കസ്റ്റഡിയിലായ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ്  നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യുന്നത്. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. 

കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി വിലയിരുത്തുന്നത്. കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.  ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇഡി സ്വപ്നയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. 

Related News