പണം തട്ടിയെടുത്ത് ചെരുപ്പുകള്‍ വാങ്ങിക്കൂട്ടി; പിടികൂടുമ്പോള്‍ പോലീസ് കണ്ടെത്തിയത് 400 ജോഡി ചെരിപ്പുകള്‍

  • 15/02/2022

പാലാ: തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയയാളെ പിടികൂടി. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. പലയിടങ്ങളില്‍ നിന്നായി ആറുമാസത്തിനുള്ളില്‍  15 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. 

തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരിപ്പുകള്‍ വാങ്ങിക്കാനും മദ്യപാനത്തിനും തിരുമ്മുചികിത്സയ്ക്കുമായാണ് ചെലവഴിച്ചെതെന്നാണ് പോലീസിനോട് പറഞ്ഞത്. കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍നിന്ന് രസീത് കുറ്റികളും 400 ജോഡി ചെരിപ്പും പോലീസ് കണ്ടെടുത്തു. 

പാലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളില്‍ നിന്ന് ഇയാള്‍ തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് മുന്‍കൂറായി തുക കൈപ്പറ്റിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ സാധനങ്ങള്‍ നല്‍കിയില്ല. പിന്നീട് വിളിച്ചവരോട് മോശമായി സംസാരിച്ചെന്നും പോലീസ് പറയുന്നു.

സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് ഇയാള്‍ കൂടുതലും തട്ടിപ്പ് നടത്തിയത്. 2000 രൂപവരെ ഇത്തരത്തില്‍ മുന്‍കൂറായി വാങ്ങിയിരുന്നു. സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ, വനിതാ പോലീസാണ് പാലായിലേക്ക് വിളിച്ചുവരുത്തിയത്. ഇയാള്‍ക്കെതിരെ വിവിധയിടങ്ങളില്‍ കേസുകളുണ്ട്. ആറുമാസം മുമ്പാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. മുന്‍മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് കണ്ണൂര്‍ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണില്‍ അശ്ലീലം പറഞ്ഞതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

 

Related News