പാലക്കാട്ട് ബാല്യകാല സുഹൃത്തിനെ മദ്യപാനത്തിനിടെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി

  • 15/02/2022

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് ബാല്യകാല സുഹൃത്തിനെ മദ്യപാനത്തിനിടെ യുവാവ്  കൊന്ന് കുഴിച്ചു മൂടി. യുവാവിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു.  ക്രിമിനൽ കേസ് പ്രതിയാണ് കൊല നടത്തിയത്.

2015-ൽ മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിൽ ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെങ്കിലും ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ചോദ്യംചെയ്യലിനിടെയാണ് കൂട്ടാളിയായ ആഷിക്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ചത്.  തുടർന്ന് മദ്യപാനത്തിനിടെ തർക്കമുണ്ടായതായും ആഷിക്കിനെ കൊല്ലപ്പെടുത്തിയതായും ഫിറോസ് വെളിപ്പെടുത്തി. 

ഇതോടെ അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ്  സ്ഥലം പരിശോധിക്കുകയായിരുന്നു. തഹസിൽദാറും ഫോറൻസിക്, ഫിംഗർ പ്രിൻ്റ് വിദഗ്ദ്ധരും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.  ഡിസംബർ 17ന് പാലപ്പുറം മിലിട്ടറി പറമ്പിൽ വച്ചാണ് ആഷിക്കും ഫിറോസും ചേർന്ന് മദ്യപിച്ചത്. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.  ആഷിക്ക് ഫിറോസിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു.  

ആഷിക്ക് കുത്താനാഞ്ഞതോടെ താൻ കത്തി പിടിച്ചു വാങ്ങി ആഷിക്കിൻ്റെ കഴുത്തിന് കുത്തുകയായിരുന്നു എന്നാണ് ഫിറോസ് പൊലീസിന് മൊഴി നൽകിയത്. സ്വന്തം പെട്ടി ഓട്ടോറിക്ഷയിൽ അഴിക്കലപ്പറമ്പിലെത്തിച്ച് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് വെളിപ്പെടുത്തി. 

ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്നു ഫിറോസും ആഷിക്കും പിന്നീട് ഇരുവരും ലഹരിക്ക് അടിമകളാവുകയും ലഹരിക്കടത്തിലും മോഷണക്കേസിലും പ്രതികളാവുകയും ചെയ്തിരുന്നു.  കാണാതായതിന് ശേഷവും ആഷിക്കിനെ അന്വേഷിച്ച് ഫിറോസ് ഇയാളുടെ വീട്ടിലെത്തിയിരുന്നു. 

ലക്കിടി സ്വദേശിയാണ് കൊല്ലപ്പെട്ട ആഷിക്ക്. കേളത്ത് വീട്ടിൽ ഇബ്രാഹിമിൻ്റെ മകനാണ് ആഷിക്ക്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ആഷിക്കിൻ്റെ പിതാവും സഹോദരനും ചിനക്കത്തൂർ അഴിക്കലപ്പറമ്പിലേക്ക് എത്തിയിരുന്നു. ആഷിക്കിൻ്റെ മൃതദേഹം ഇരുവരും തിരിച്ചറിഞ്ഞു. കൈയ്യിലെ ചരടും മോതിരവും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Related News