കല്യാണ വീട്ടിലെ ബോംബ് ആക്രമണ കേസില്‍ പോലീസ് അന്വേഷിച്ച മിഥുൻ കീഴടങ്ങി

  • 15/02/2022

കണ്ണൂർ: കണ്ണൂർ തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷിച്ച മിഥുൻ കീഴടങ്ങി. എടയ്ക്കാട് സ്റ്റേഷനിലാണ് മിഥുൻ ഹാജരായത്. പോലീസ്  മിഥുനെ ചോദ്യം ചെയ്യുകയാണ്. മിഥുന് ബോംബേറിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

പ്രതികൾ സഞ്ചരിച്ച വെള്ള ട്രാവലർ വാഹനം പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ബോംബ്  എത്തിച്ചതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഇന്ന് തലശ്ശേരി കോടതിയിൽ റിമാൻഡ് ചെയ്യും. ബോംബുമായി എത്തിയ സംഘത്തിൽപ്പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പോലീസ് പറയുന്നു. ഇയാളുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. 

ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു.

 എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റിരുന്നു. 

Related News