വീഡിയോയുമായി വീണ്ടും അഞ്ജലി; റോയ് വയലാട്ടിനെ അറിയാം, കൊച്ചിയിൽ പോയിട്ട് തന്നെ രണ്ട് വർഷമായി, കൂടുതൽ വിശദീകരണം, ആരോപണം

  • 15/02/2022

കോഴിക്കോട്: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ ആരോപണവും വിശദീകരണവുമായി വീണ്ടും  അഞ്ജലി റീമാദേവ്. പോക്സോ കേസ് സംബന്ധിച്ചുള്ള പരാതി  കള്ളക്കേസാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് സാമൂഹികമാധ്യമങ്ങളിൽ  പുറത്തുവന്ന പുതിയ വീഡിയോയില്‍ പറയുന്നത്.

നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അഞ്ചുവര്‍ഷമായി അറിയാം.  എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ല. സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും ഞാന്‍ വ്യക്തിഹത്യ ചെയ്യപ്പെടുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ പലകാര്യങ്ങളും എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ, നിയമവ്യവസ്ഥയെയും കോടതിയെയും പോലീസിനെയും എല്ലാം മാനിച്ചുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കുറച്ചുകാര്യങ്ങള്‍ കൂടെ വ്യക്തമാക്കുന്നത്. 

വയനാട് സ്വദേശിനിയായ പരാതിക്കാരി എങ്ങനെയാണ് കോഴിക്കോട് സ്വദേശിനിയായത്. എന്തിനാണ് അവര്‍ കോഴിക്കോട് സ്വദേശിനിയെന്ന് അവകാശപ്പെടുന്നത്. അതില്‍തന്നെ എനിക്ക് സംശയമുണ്ട്. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളുമായി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്. എന്റെ കൂടെയും വന്നിട്ടുണ്ട്. ഇല്ലെങ്കില്‍ അവര്‍ നിഷേധിക്കട്ടെ. ഈ കുട്ടിയെ കൂട്ടിവരുമ്പോള്‍ അമ്മയ്ക്കാണോ 18 വയസ്സായിട്ടില്ലെന്ന് അറിയുക, 

അതോ ഞാനാണോ കുട്ടിയുടെ ഐഡി കാര്‍ഡ് വാങ്ങി 18 വയസ്സ് ആയോ എന്ന് വെരിഫൈ ചെയ്യേണ്ടത്. സൈജുവും ഞാനും ചേര്‍ന്നുള്ള പേഴ്‌സണല്‍ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെണ്‍കുട്ടികളെയും കൂട്ടി ഇവര്‍ തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നില്‍ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നെ കുടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും എനിക്ക് വ്യക്തമായിട്ടുണ്ട്. 

റോയി വയലാട്ടിനെ അറിയില്ലെന്ന്  എവിടെയും പറഞ്ഞിട്ടില്ല, നമ്പര്‍ 18 ഹോട്ടലിന്റെ ഉടമയെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ അഞ്ച് വര്‍ഷമായി അറിയാം. ഞാന്‍ മുമ്പും അവിടെ പോയിട്ടുണ്ട്. പക്ഷേ, രണ്ടുവര്‍ഷമായി ഞാന്‍ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ല.അതിന് മുമ്പേയായാലും റോയിയുമായി വ്യക്തിപരമായ ബന്ധമില്ല- അഞ്ജലി പറയുന്നു

അവിടെ പോകുന്ന സമയത്ത് കാണുക, അവരുടെ ഹോസ്പിറ്റാലിറ്റി എന്നിവ എല്ലാരോടും ഒരു പോലെയാണ്. അതില്‍ കവിഞ്ഞ ഒരു ബന്ധവും റോയിയുമായില്ല. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ കെട്ടിച്ചമയ്ക്കുന്നത് പല കഥകളാണ്. ഞാന്‍ പെണ്‍കുട്ടികളെ ജോലിക്കെടുക്കുന്നത് മറ്റ് പല കാര്യങ്ങള്‍ക്കുമാണെന്നാണ് ഈ സ്ത്രീയുടെ ആരോപണം.  കോടതിയുടെ മുന്നിലുള്ള കേസായതിനാല്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്ന് അറിയാം. എന്റെ സാഹചര്യം എല്ലാവരും ഇനിയെങ്കിലും മനസിലാക്കുമെന്ന് കരുതുന്നു. എന്റെ നിസഹായതയാണ് ഞാൻ പറയുന്നതെന്നും അവർ പറഞ്ഞു.

Related News