ഇനി മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാം: തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം

  • 11/03/2022


റിയാദ്: മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ കൊറോണ സാഹചര്യത്തിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇരുഹറമുകളിലും നിലവിലുണ്ടായിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പിൻവലിച്ചത് സംബന്ധിച്ച് ട്വീറ്ററിൽ പോസ്റ്റ് ചെയ്ത സർക്കുലറിലാണ് ഇക്കാര്യവും പറയുന്നത്. 

വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും ഒഴിവാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊറോണ മുൻകരുതൽ നടപടികളിൽ ഇളവ് നൽകി കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. 

ഇതേതുടർന്ന് ഇരുഹറമുകളിലെ പ്രവേശനത്തിനും ഉംറനിർവഹണത്തിനും ഹറമുകളിലെ നമസ്കാരത്തിനുമുള്ള പെർമിറ്റ് ലഭിക്കാനും ഏർപ്പെടുത്തിയിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളിലും നിബന്ധനകളിലും ഹജ്ജ് ഉംറ മന്ത്രാലയവും ഇരുഹറം കാര്യാലയവും ഇളവ് വരുത്തിയിരുന്നു. ഹറമുകളിൽ സാമൂഹിക അകലം പാലിക്കൽ, മസ്ജിദുൽ ഹറാമിലെ പ്രാർഥനക്കും മസ്ജിദുന്നബവി സന്ദർശനത്തിനും പെർമിറ്റ് നേടൽ എന്നീ നിബന്ധനകളും ഒഴിവാക്കിയിരുന്നു.

Related News