റിയാദിലെ പെട്രോളിയം സംസ്കരണ ശാലയ്ക്ക് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

  • 11/03/2022



റിയാദ്: റിയാദിൽ സ്ഥിതിചെയ്യുന്ന പെട്രോളിയം സംസ്കരണ ശാലയ്ക്ക് നേരെ ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തിയതായി സൗദി ഊർജമന്ത്രാലയവൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ 4:40 ന് ആണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെങ്കിലും, നേരിയ അഗ്നിബാധ ഉണ്ടായി. തീ ഉടനെ തന്നെ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. 

റിഫൈനറിയുടെ പ്രവർത്തനത്തെയോ, പെട്രോളിയം ഉത്പന്നങ്ങങ്ങളുടെ വിതരണത്തെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ഹൂത്തികളാണ് എന്ന് പരസ്യമായി പരാമർശിച്ചില്ലെങ്കിലും, സംഭവത്തിൽ ഊർജമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള സാധാരണക്കാരുടെ കേന്ദ്രങ്ങളിലും, തന്ത്രപ്രധാന സ്ഥാപനങ്ങളിലും നടത്തുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെ ലോകരാജ്യങ്ങൾ നിലകൊള്ളണമെന്നും ഊർജമന്ത്രാലയം ആവശ്യപ്പെട്ടു. ഭീരുത്വം നിറഞ്ഞ ആക്രമണമെന്നാണ് മന്ത്രാലയം ഡ്രോൺ ആക്രമണത്തെ വിശേഷിപ്പിച്ചത്.

Related News