സൗദിയിൽ നടന്ന മിസൈല്‍ ആക്രമണം: വ്യോമ ഗതാഗതത്തെ ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

  • 22/03/2022




റിയാദ്: കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ നടന്ന മിസൈല്‍ ആക്രമണങ്ങള്‍ വ്യോമ ഗതാഗതത്തെയും ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ തൊടുത്തുവിട്ട മിസൈലുകള്‍ വിമാനങ്ങളുടെ ആകാശ പാതയിലും ഭീതി വിതച്ചു. പല സര്‍വീസുകളെയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്‍തു.

ചില വിമാനങ്ങള്‍ ലാന്റിങ് സമയം വൈകിപ്പിച്ചു. ജിദ്ദയ്‍ക്ക് പുറത്തുള്ള ആകാശ പരിധിയില്‍ ഏറെ നേരം ചെലവിട്ട ശേഷമാണ് വിമാനങ്ങള്‍ക്ക് ലാന്റിങ് അനുമതി ലഭിച്ചത്. വ്യോമഗതാഗതം നിയന്ത്രിക്കുന്ന നാവിഗേഷന്‍ സംവിധാനങ്ങളെയും ഹൂതികളുടെ ആക്രമണങ്ങള്‍ പ്രതികൂലമായി ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്‍ച രാത്രിയാണ് ജിദ്ദ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്. 

എന്നാല്‍ മിസൈല്‍ ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തന്നെ സൗദി സേന പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്‍തു. സംഭവത്തില്‍ ആളപയാമയോ പരിക്കുകളോ മറ്റ് നാശനഷ്‍ടങ്ങളോ ഉണ്ടായില്ല. എന്നാല്‍ കാതടപ്പിക്കുന്ന സ്‍ഫോടന ശബ്‍ദം കേട്ടതായി പരിസരവാസികളില്‍ ചിലര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related News