ആഗോള വിപണിയിലെ എണ്ണ വിതരണത്തില്‍ കുറവുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി

  • 23/03/2022



റിയാദ്: ആഗോള വിപണിയിലെ എണ്ണ വിതരണത്തില്‍ കുറവുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി അറേബ്യ. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ അരാംകോ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ നിലപാട് അറിയിച്ചത്. 

ഹൂതികള്‍ക്ക് ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും അത്യാധുനിക ഡ്രോണുകളും നല്‍കുന്നത് ഇറാന്‍ തുടരുന്നതിലെ അപകടത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാന്മാരാകേണ്ടതിന്റെ പ്രാധാന്യം സൗദി ഊന്നിപ്പറഞ്ഞു. ഈ മിസൈലുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് അവര്‍ സൗദിയിലെ എണ്ണ,വാതക അനുബന്ധ ഉല്‍പ്പാദന കേന്ദ്രങ്ങളെയും അവയുടെ വിതരണത്തെയുമാണ് ലക്ഷ്യമിടുന്നത്. 

ഇത് എണ്ണ ഉല്‍പ്പാദനം, സംസ്‌കരണം, ശുദ്ധീകരണം എന്നീ മേഖലകളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. രാജ്യത്തിന്റെ ഉല്‍പ്പാദന ശേഷിയിലും അതിന്റെ ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവിലും സ്വാധീനം ചെലുത്തുന്നതായും സൗദി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

ഊര്‍ജ്ജ വിതരണം നിലനിര്‍ത്തുന്നതിലെ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെയും ഹൂതി മിലിഷ്യയ്‌ക്കെതിരെ ഉറച്ചുനിന്ന് അവരുടെ അട്ടിമറി ആക്രമണങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 

Related News