സൗദിയിൽ വീണ്ടും ഹൂതികളുടെ ആക്രമണം: അരാംകോ എണ്ണവിതരണ കേന്ദ്രത്തിലെ 2 ടാങ്കുകൾക്കു തീപിടിച്ച്

  • 27/03/2022


റിയാദ്: യെമനിലെ ഹൂതികളുടെ ആക്രമണത്തിൽ ജിദ്ദയിലെ അരാംകോ എണ്ണവിതരണ കേന്ദ്രത്തിലെ 2 ടാങ്കുകൾക്കു തീപിടിച്ചതായും വൻതോതിൽ നാശനഷ്ടങ്ങൾക്കിടയാക്കാതെ തീയണച്ചതായും സൗദി അറിയിച്ചു. ഇന്നു നടക്കാനിരിക്കുന്ന ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രീയിൽ മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.

സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അരാംകോ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ ആക്രമണം എണ്ണ ഉൽപാദനത്തെ ബാധിച്ചിരുന്നു. വെള്ളിയാഴ്ച മാത്രം സൗദിയുടെ വിവിധ മേഖലകളിൽ ഹൂതികളുടെ 16 ആക്രമണങ്ങളാണ് അറബ് സഖ്യസേന തടഞ്ഞത്. അന്നത്തെ ആക്രമണത്തിൽ ജിസാനിലെ വൈദ്യുതി വിതരണ കേന്ദ്രത്തിനു തീപിടിച്ചു. ഈ മാസം 11, 19, 20 ദിവസങ്ങളിലും ആക്രമണമുണ്ടായി.

ഇറാൻ പിന്തുണയോടെ ഹൂതികളുടെ ആക്രമണം തുടരുകയാണെന്നും എണ്ണ വിതരണ കേന്ദ്രത്തിലെ ആക്രമണത്തിലൂടെ ആഗോള ഊർജ സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയുമാണ് ഹൂതികൾ ലക്ഷ്യംവയ്ക്കുന്നതെന്നും സഖ്യസേന വക്താവ് ബ്രിഗേഡിയർ കേണൽ തുർക്കി അൽ മാലികി ആരോപിച്ചു.

Related News