സൗദി സ്വദേശിവൽക്കരണം: രണ്ടാം ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ, മലയാളികളെയും ബാധിക്കും

  • 28/03/2022



ജിദ്ദ: സൗദി അറേബ്യയിലെ സൂപ്പർ മാർക്കറ്റുകളിലെയും ഭക്ഷണ ശാലകളിലെയും രണ്ടാം ഘട്ട സ്വദേശിവൽക്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. സെയിൽസ് ഔട്ട്‌ലെറ്റുകളിലെ സെക്ഷൻ സൂപ്പർവൈസർ, ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ, അക്കൗണ്ടിങ്‌ ഫണ്ട് സൂപ്പർവൈസർ, ഉപഭോക്തൃ സേവനം, ഉപഭോക്തൃ അക്കൗണ്ടന്റ് എന്നിവയിൽ 100 ശതമാനവും ഡിപ്പാർട്ട്മെന്റ് മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ എന്നീ മേഖലകളിൽ 50 ശതമാനവും സ്വദേശിവൽക്കരണം നടപ്പിലാക്കും. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന മേഖലയാണിത്.

നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയം അനുവദിച്ച 360 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. 

300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള എല്ലാ കാറ്ററിങ്‌ സ്റ്റോറുകൾക്കും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾക്കുമാണ് സ്വദേശിവൽക്കരണം ബാധകമാകുക.

Related News