പരിശുദ്ധ റമദാൻ കണക്കിലെടുത്ത്‍ യമൻ മേഖലയിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് സൗദി

  • 30/03/2022



റിയാദ് : പരിശുദ്ധ റമദാൻ കണക്കിലെടുത്ത്‍ യമൻ മേഖലയിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി സൗദി സഖ്യസേന അറിയിച്ചു. റിയാദിലെ ജി.സി.സി. ആസ്ഥാനത്ത്, യമൻ അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ തീരുമാനം ഉണ്ടായത്.

പരിശുദ്ധ മാസത്തിൽ മേഖലയിൽ സംഘർഷങ്ങൾ സൃഷ്ടിക്കരുതെന്ന് യുണൈറ്റഡ് നേഷൻസ് അഭ്യർത്ഥിച്ചിരുന്നു. ഈ അപേക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനം. അതേസമയം, വെടിനിർത്തൽ കരാർ അംഗീകരിക്കുന്നില്ല എന്നാണ് ഹൂതികളുടെ നിലപാട്. യമനിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കാത്തിടത്തോളം സമാധാനശ്രമങ്ങളുമായി സഹകരിക്കില്ലെന്ന സൂചനയാണ് ഹൂതികൾ നൽകുന്നത്. 

നേരത്തെ, ജി.സി.സി യുടെ സമാധാനചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണവും ഹൂതികൾ നിരസിച്ചിരുന്നു. ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമായതോടെ ദാരിദ്ര്യത്താൽ വലയുന്ന യമന്, സൈനിക നടപടികൾ നിർത്തിവെക്കാനുള്ള സഖ്യസേനയുടെ ആഹ്വാനം താൽകാലിക ആശ്വാസം നൽകും.

Related News