സൗദി-ഇന്ത്യ ഗള്‍ഫ് എയര്‍ സര്‍വ്വീസുകളില്‍ ബാഗേജില്‍ മാറ്റം; ഇനി കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ അനുവദിക്കില്ല

  • 06/04/2022


റിയാദ്: സൗദി-ഇന്ത്യ ഗള്‍ഫ് എയര്‍ സര്‍വ്വീസുകളില്‍ ബാഗേജില്‍ മാറ്റം വരുത്തി. യാത്രക്കാര്‍ തങ്ങളുടെ യാത്രയോടൊപ്പമുള്ള ബാഗേജ് സംവിധാനത്തിലെ പുതിയ നിബന്ധന ശ്രദ്ധിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുന്ന അവസ്ഥയാണിപ്പോള്‍. കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ അനുവദിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ അറിയിച്ചിരിക്കുന്നത്.

ഇതിനകം തന്നെ നിരവധി പേര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് യാത്ര അനുവദിച്ചത് തന്നെ അവസാന ഘട്ടത്തില്‍ ബാഗേജ് ബോക്‌സ് മാറ്റിയതിനു ശേഷമാണ്. കഴിഞ്ഞ ദിവസവും ജിദ്ദയില്‍ വെച്ച് ഇക്കാര്യം അറിയാതെയെത്തിയ യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ വാങ്ങിയ പുതിയ ട്രോളി ബാഗിലേക്ക് സാധനങ്ങള്‍ മാറ്റിയ ശേഷമാണ് യാത്ര അനുവദിച്ചത്. ഇത് തന്നെ പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പണം നല്‍കുകയും വേണം. ഇന്ത്യയിലേക്ക് വീണ്ടും സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചതോടെ വീണ്ടും ഗള്‍ഫ് എയര്‍ ട്രാവല്‍സ് ഏജന്‍സികള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്‌ലൈറ്റുകള്‍ക്ക് ഏതെങ്കിലും വലിപ്പത്തിലോ അളവുകളിലോ ഉള്ള കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ സ്വീകരിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ അറിയിച്ചിരിക്കുന്നത്. പരമാവധി 158 സെന്റീമീറ്റര്‍ വലിപ്പമുള്ള സാധാരണ സ്യൂട്ട്‌കേസുകള്‍ സ്വീകരിക്കും. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ മാത്രമാണ് സ്വീകരിക്കാതിരിക്കുക. ചെക്ക് ഇന്‍ ബാഗുകള്‍ക്ക് അനുവദനീയമായ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

158 സെന്റിമീറ്ററില്‍ കൂടുതലുള്ളതും എന്നാല്‍ 215 സെന്റിമീറ്ററില്‍ താഴെയുള്ളതുമായ ഏത് ബാഗേജും ‘ഓവര്‍ സൈസ്’ ലഗേജായി കണക്കാക്കും. അതിന് അധിക ലഗേജായി ചാര്‍ജ് ചെയ്യണം. 215 സെന്റിമീറ്ററില്‍ കൂടുതലുള്ള ബാഗേജ് സ്വീകരിക്കില്ല.

നിശ്ചിത അളവുകളിലുള്ള സ്യൂട്ട്‌കേസുകള്‍, ബ്രീഫ്‌കേസുകള്‍, ബാഗുകള്‍, മുന്‍കൂട്ടി പാക്ക് ചെയ്ത ഇലക്ട്രിക്കല്‍ സാധനങ്ങള്‍ എന്നിവ സ്വീകരിക്കും. ഇവ എയര്‍പോര്‍ട്ടുകളിലെ പ്ലാസ്റ്റിക് റാപ്പില്‍ പൊതിയാവുന്നതാണ്. പരമാവധി 50 ഇഞ്ച് വരെയുള്ള ടിവികള്‍ ദമാം, ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ സ്വീക്വരിക്കും.

Related News