ഉംറ തീർത്ഥാടകരുടെ യാത്ര മുടങ്ങാനിടയായ കാരണത്തെ കുറിച്ച് അന്വേഷിക്കാൻ സൗദി ഗതാഗത വകുപ്പ് മന്ത്രി

  • 06/05/2022



റിയാദ്: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉംറ തീർത്ഥാടകരുടെ യാത്ര മുടങ്ങാനിടയായ കാരണത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്. സൗദി ഗതാഗത വകുപ്പ് മന്ത്രി സ്വാലിഹുൽ ജാസിർ ആണ് ഉത്തരവിട്ടത്. സിവിൽ ഏവിയേഷൻ മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സമിതിയെ ഇതിനായി ചുമതലപ്പെടുത്താനും മന്ത്രി നിർദേശം നൽകി. 

കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തിക്കുംതിരക്കും അന്താരാഷ്ട്ര വിമാനങ്ങളുടെ സർവിസുകളുടെ താളം തെറ്റലും അതിനുള്ള കാരണങ്ങളുമാണ്​ സമിതി അന്വേഷിക്കുക. സാധാരണ സംഭവിക്കാത്ത തിരക്കിനും സർവീസുകളുടെ താളപ്പിഴക്കും എന്താണ്​ കാരണമെന്നതാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വരിക. 

ഇത്തരമൊരു പ്രതിസന്ധിയുണ്ടായിട്ടും അത് പരിഹരിക്കാൻ കഴിയാത്ത സാഹചര്യവും ആരാണ്​ ഉത്തരവാദികളെന്നതും അന്വേഷിക്കും. കുറ്റമറ്റ സേവനങ്ങൾ വിമാനയാത്രക്കാർക്ക് നൽകാൻ എന്ത് സൗകര്യങ്ങളാണ് ഇനിയും ഒരുക്കേണ്ടതെന്ന വിഷയങ്ങളും പഠിച്ച്​ അവതരിപ്പിക്കാൻ  അന്വേഷണ സമിതിക്ക്​ നിർദേശമുണ്ട്​. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

മലയാളികളടക്കം ഉംറ തീർഥാടകരാണ്​ വിമാനത്താവളത്തിലുണ്ടായ പ്രതിസന്ധിയിൽ അകപ്പെട്ട്​ ദുരിതം അനുഭവിച്ചത്. ഇങ്ങനെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ വിമാനങ്ങളുടെ സർവിസ്​ താളം തെറ്റലിൽ പെട്ട്​ ഒരു ദിവസത്തോളം വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ട സാഹചര്യമുണ്ടായി. പ്രായമായവരും സ്ത്രീകളും കുട്ടികളുമൊക്കെ ഭക്ഷണം ലഭിക്കാതെയും വിശ്രമിക്കാൻ കഴിയാതെയും ദുരിതം നേരിട്ടിരുന്നു. 

വിവിധ രാജ്യങ്ങളിലേക്ക്​ തീർഥാടകരുടെ ഒരുമിച്ചുള്ള മടക്കവും ചില വിമാനങ്ങളുടെ വൈകലും കാരണമാണ് പ്രതിസന്ധി ഉടലെടുത്തത്. മലയാളികളുൾപ്പെടെ നിരവധി തീർഥാടകർ ഏറെ ആശങ്കയിലായിരുന്നു. പലർക്കും മണിക്കൂറുകൾ വൈകിയാണ് യാത്ര ചെയ്യാനായത്.

Related News