സൗദിയിൽ ശക്തമായ പരിശോധന: ഒരാഴ്ചയ്ക്കിടെ 12,458 നിയമലംഘകരെ പിടികൂടി

  • 24/05/2022



റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 12,458 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ മെയ് 12 മുതല്‍ മേയ് 18 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.  

അറസ്റ്റിലായവരില്‍ 7,836 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,134 പേരെ പിടികൂടിയത്. 1,488 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 115 പേര്‍. ഇവരില്‍ 47 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 35 ശതമാനം പേര്‍ എത്യോപ്യക്കാരും 18 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 71 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയതിന് ശേഷം പിടിയിലായി ശിക്ഷയ്ക്ക് വിധേയമായവരുടെ ആകെ എണ്ണം 81,423 ലെത്തി. 77,630ല​ധി​കം പു​രു​ഷ​ന്മാ​രും 3,793 സ്ത്രീ​ക​ളുമാണ്. 

Related News