ഹജ്ജിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

  • 28/05/2022



മക്ക: ഹജ്ജിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്തെ താമസക്കാരായ വിദേശികള്‍ക്ക് മേയ് 26 വ്യാഴാഴ്ച മുതല്‍ മക്ക പ്രവേശനത്തിന് അനുമതി പത്രം നിര്‍ബന്ധമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനുമതിയില്ലാതെ എത്തുന്നവരെ ചെക്ക് പോയിന്‍റില്‍ തടയുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ശുവൈരഖ് പറഞ്ഞു.

അനുമതി പത്രമില്ലാതെ പ്രവേശിക്കുന്നവരെയും അവരുടെ വാഹനങ്ങളും മക്കയിലേക്ക് എത്തുന്ന റോഡുകളിലെ ചെക്ക് പോസ്റ്റുകള്‍ക്കടുത്ത് നിന്ന് തിരിച്ച് അയയ്ക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. 

മക്കയിലേക്ക് പ്രവേശനം നിയന്ത്രിച്ചതോടെ അത്യാവശ്യക്കാര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകള്‍ ഇലക്ട്രോണിക് രീതിയില്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി ജനറല്‍ ഡയറക്ടറേര്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു. 

Related News