കേരളത്തിൽ നിന്നുള്ള തീർഥാടകരെ വഹിച്ചുള്ള ഈ വർഷത്തെ ആദ്യ ഹജ് വിമാനം മദീനയിലെത്തി

  • 05/06/2022



മദീന: ഇന്ത്യൻ ഹജ് കമ്മിറ്റിക്കു കീഴിൽ കേരളത്തിൽ നിന്നുള്ള തീർഥാടകരെ വഹിച്ചുള്ള ഈ വർഷത്തെ ആദ്യ ഹജ് വിമാനം മദീനയിലിറങ്ങി. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ തീർഥാടകരെ ഇന്ത്യൻ കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ് മിഷൻ പ്രതിനിധികളും ജവാവാസാത് ഉദ്യോഗസ്ഥരും ചേർന്നു പൂക്കളും മധുരവും നൽകി സ്വീകരിച്ചു. നടപടിക്രമങ്ങൾക്കു ശേഷം ഇവരെ താമസ സ്ഥലങ്ങളിൽ എത്തിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു രാവിലെ 8.30 ന് സൗദി എയർലൈൻസിന്റെ എസ് വി 5747 നമ്പർ വിമാനത്തിലായിരുന്നു യാത്ര.

377 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിൽ 181 പുരുഷന്മാരും 196 സ്ത്രീകളുമാണ്. കേരളത്തിൽ നിന്ന് 2056 പുരുഷന്മാരും 3702 സ്ത്രീകളുമടക്കം 5758 തീർഥാടകരാണ് ഇത്തവണ ഹജ് കമ്മിറ്റി മുഖേന ഹജിന് എത്തുന്നത്. ഇവർക്കു പുറമേ തമിഴ്നാട് , ലക്ഷദ്വീപ് , ആൻ‍ഡമാൻ , പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള 1989 തീർഥാടകരും കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയാണു യാത്ര ചെയ്യുന്നത്.

10 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് ഇത്തവണ ഇന്ത്യയില്‍ നിന്നുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ യാത്ര പുറപ്പെട്ടു തിരിച്ചെത്തുന്നത് കൊച്ചി വിമാനത്താവളത്തില്‍ നിന്നാക്കും. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ് തീര്‍ഥാടകര്‍ക്കും മദീനയില്‍ പ്രവാചക പള്ളിയുടെ സമീപത്ത് തന്നെ താമസ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. മക്കയില്‍ അസീസിയയിലാണ് താമസ സൗകര്യം.

കോവിഡ് 19 മഹാമാരിക്കു ശേഷമുള്ള  വിദേശ ഹജ് തീർഥാടകരുടെ ആദ്യ സംഘമായ ഇന്തൊനീഷ്യയിൽ നിന്നുള്ള  തീർഥാടകർ മദീനയിൽ എത്തിയിരുന്നു.

Related News