പ്രവാചകനിന്ദയും വിദ്വേഷപ്രചാരണവും അവസാനിപ്പിക്കണം: കെ.കെ.ഐ.സി

  • 06/06/2022



ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉത്തരവാദപ്പെട്ട വക്താക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി നടത്തിയ ഹീനമായ പ്രവാചകനിന്ദ അങ്ങേയറ്റം പ്രതിഷേധാർഹവും പരമ്പരാഗതമായി രാജ്യം വിലമതിച്ചുപോരുന്ന സാമൂഹികമൂല്യങ്ങൾക്ക് പോറലേൽപിക്കുന്നതു മാണെന്ന് കുവൈത്ത്‌ കേരള ഇസ്‌ലാഹീ സെൻറർ പ്രതിഷേധക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. 

ലോകമുസ്‌ലിം മനസ്സുകളെ വേദനിപ്പിക്കുകയും ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തുക്കളായ അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്ത സംഭവം രാജ്യത്തിൻ്റെ യശസ്സിന് കളങ്കമേൽപിക്കുന്നതാണ്.  
പാർട്ടി തലത്തിലുള്ള അച്ചടക്കനടപടികൾക്കപ്പുറം കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകേണ്ടതായിരുന്നു. 
 
അധികാരത്തിന്റെ തണൽപറ്റി അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന വിദ്വേഷപ്രചാരണവും വർഗീയ ധ്രുവീകരണശ്രമങ്ങളും അവസാനിപ്പിക്കാൻ നിഷ്പക്ഷമായ നിയമവാഴ്ച ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്റെ കടമ. എന്നാൽ ഉത്തരവാദപ്പെട്ടവർ തന്നെ കുറ്റകരമായ മൗനത്തിലൂടെയും പക്ഷപാതപരമായ പ്രസ്താവനകളിലൂടെയും വിഭാഗീയതക്ക് പ്രോത്സാഹനം നൽകുന്നത് അപലപനീയമാണ്. 
ബഹുസ്വരമതനിരപേക്ഷ സാമൂഹികഘടനയെ വിലമതിക്കുന്ന വ്യക്തികളും കക്ഷികളും ഇത്തരം പ്രവണതകൾക്കെതിരെ ഐക്യപ്പെടണമെന്ന് കുവൈത്ത്‌ കേരള ഇസ്‌ലാഹീ സെൻറർ ആഹ്വാനം ചെയ്തു.

Related News