സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക യുവജനപ്രസ്ഥാനം ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

  • 09/06/2022


കുവൈറ്റ്‌ : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്‌ പ്രകൃതിയുടെയും, മരങ്ങളുടെയും, ജീവജാലങ്ങളുടെയും സംരക്ഷണവും അതിലൂടെ ആഗോളതാപനമെന്ന വിപത്തിനെ ചെറുക്കുവാനുമുള്ള മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വിശാലമായ കാഴ്ച്ചപ്പാടിനു പിന്തുണ നൽകി കൊണ്ട്‌ തുടർച്ചയായ 12-‍ാം വർഷവും കുവൈറ്റ്‌ മഹാ ഇടവക യുവജനപ്രസ്ഥാനം `ഗ്രീൻ കുവൈറ്റ്‌` എന്ന പേരിൽ പരിസ്ഥിതി ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു.

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ അങ്കണത്തിൽ നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ജിജു ജോർജ്‌ നിർവ്വഹിച്ചു. എൻ.ഇ.സി.കെ. സെക്രട്ടറി റോയ്‌ യോഹന്നാൻ മുഖ്യസന്ദേശം നൽകി. ഇടവക സഹവികാരിയും, യുവജനപ്രസ്ഥാനം വൈസ്‌ പ്രസിഡണ്ടുമായ ഫാ. ലിജു പൊന്നച്ചൻ, ഇടവക സെക്രട്ടറി ഐസക്‌ വർഗീസ്‌ എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിൽ യുവജനപ്രസ്ഥാനം ട്രഷറാർ ബിബിൻ വർഗീസ്‌ നന്ദി പ്രകാശിപ്പിച്ചു. യുവജനപ്രസ്ഥാനം ലേ-വൈസ്‌ പ്രസിഡണ്ട്‌ മനോജ്‌. പി. ഏബ്രഹാം പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഔഷധചെടികൾ ഉൾപ്പെടെയുള്ള 35-ല്പരം ചെടികളുടെ ആദ്യ വില്പന ഇടവക സെക്രട്ടറി ഐസക്‌ വർഗീസിന്‌ നൽകിക്കൊണ്ട്‌ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ നിർവ്വഹിച്ചു.

പരിപാടിയുടെ ഭാഗമായി നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയങ്കണത്തിൽ വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. എൻ.ഇ.സി.കെ., അബ്ബാസിയ ബസേലിയോസ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ വിവിധയിനം ചെടികളുടെ സ്റ്റാളും ക്രമീകരിച്ചു. യുവജനപ്രസ്ഥാനം സെക്രട്ടറി ജോമോൻ ജോർജ്‌, ജോയിന്റ്‌ സെക്രട്ടറി ജെൻസൺ ജോർജ്‌, കൺവീനർ സാം വർഗീസ്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി. ഓൺലൈനിലൂടെയും ചെടികൾ വാങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന്‌ ചുമതലക്കാർ അറിയിച്ചു.

Related News