'മാറാ രോഗത്തിന്റെ തടവറയിലും, തളിരിട്ടൊരു ജീവിതം'

  • 24/06/2022



ജീവിത യാത്രയിലെ ഏറ്റവും വിലപ്പെട്ട ആറു പതിറ്റാണ്ടുകാലം ഒരേ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞ് അവിടെ വെച്ച് തന്നെ മരണമടഞ്ഞ പരപ്പില്‍ മാടപ്പുരയില്‍ ഫാത്തിമ 
എന്ന ഒരു ഉമ്മയുടെ ജീവിത കഥ!

ആ ഓര്‍മ്മകളില്‍ കണ്ണുകള്‍ ഈറനണിയുകയാണ്. അകകാഴ്ചകള്‍ കൂടുതല്‍ തെളിവാര്‍ന്ന പോലെ...
ജീവിതത്തിന്റെ താളുകളില്‍ എഴുതിച്ചേര്‍ത്ത  അവിസ്മരണീയമായ ഒരദ്ധ്യായം.

1946 ല്‍ കൊയിലാണ്ടിയിലായിരുന്നു മഹതിയുടെ ജനനം.
ആറാം വയസ്സ് മുതല്‍ ആരംഭിച്ച മാറാ രോഗത്തിന്റെ ലക്ഷണങ്ങള്‍...ആശുപത്രി സൗകര്യമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ മര്‍ഹൂം സയ്യിദ് അബ്ദുറഹ്മാന്‍ 
ബാഫഖി തങ്ങളുടെ അനുജന്‍ ചെറിയാക്ക എന്നറിയപ്പെട്ടിരുന്ന സയ്യിദ് അഹമ്മദ് ബാഫഖി തങ്ങളുടെ വീടിനോടടുത്തുള്ള ഷെഡ്ഡില്‍ വെച്ചായിരുന്നു അവരെ പരിചരിച്ചിരുന്നത്. ജര്‍മ്മന്‍ ഡോക്ടര്‍മാരായിരുന്ന ഹാരിസ്, വിന്‍സ്, ഫെന്‍സ് തുടങ്ങിയവരായിരുന്നു ചികിത്സിച്ചിരുന്നത്. പിന്നീട് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചേവായൂരിലെ കുഷ്ഠ രോഗാശുപത്രിയില്‍ ചികിത്സ തേടി.

പതിമൂന്നാം വയസ്സ് മുതല്‍ കൊയിലാണ്ടിയിലെ അമേത്ത് തറവാട്ടില്‍ വീട്ടു ജോലികള്‍ ചെയ്ത് ജീവിച്ചു പോന്നു. 20ാം വയസ്സില്‍ വിവാഹം...രണ്ട് വര്‍ഷത്തിനകം തന്നെ രോഗം മൂര്‍ഛിക്കുകയും ചേവായൂര്‍ ഹോസ്പിറ്റലില്‍ സ്ഥിര ചികിത്സക്കായി അഡ്മിറ്റ് ആവുകയുമായിരുന്നു...ഇതിനിടെ ഭര്‍ത്താവ് വിവാഹ ബന്ധം വേര്‍പെടുത്തുകയും ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

പത്താം വയസ്സില്‍ ജീവിതമാര്‍ഗ്ഗം തേടി മദ്രാസിലേക്ക്
പോയിരുന്ന സഹോദരന്‍ മമ്മൂഞ്ഞിക്ക നാട്ടില്‍ വരുമ്പോഴെല്ലാം ഉമ്മയുടെ കൂടെ അവരെ സന്ദര്‍ശിക്കുമായിരുന്നു.
സമൂഹത്തിന്റെ അവഗണനകളിലും കുടുംബത്തിന്റെ ഈ ചേര്‍ത്തുനില്‍പ്പും, പ്രിയ സ്നേഹിതന്‍ അമേത്ത് റിജുവിന്റെയും,
മറ്റു കുടുംബാംഗങ്ങളുടെയെല്ലാം  സന്ദര്‍ശനങ്ങളും അവര്‍ക്കെന്നും ഒരാശ്വാസമായിരുന്നു.

ആശയറ്റവരായി ആതുരാലയത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തള്ളി നീക്കിയ നീണ്ട ആറു പതിറ്റാണ്ട് കാലത്തെ ദിന രാത്രങ്ങള്‍...ഒരായുഷ്കാലം മുഴുവന്‍ എല്ലാ സുഖാനുഭവങ്ങളും അന്യം നിന്നു പോയ ജീവിതം. മാറാ രോഗത്തിന്റെ പിടിയില്‍ നെരിഞ്ഞമര്‍ന്ന് പ്രതീക്ഷകളുടെ ഭാരങ്ങളൊന്നുമില്ലാതിരുന്ന ജീവിതകാലം...ആയുസറ്റു പോകുന്നത് വരെ ജീവിക്കണമെന്ന ദൃഢനിശ്ചയമായിരുന്നു ഉള്‍ക്കരുത്ത്.

തീക്ഷ്ണമായ പരീക്ഷണങ്ങളിലും മനസ്സു പതറിയില്ല. ഹൃദയം വേദനിച്ചില്ല...നാവ് പിറുപിറുത്തില്ല. വിധിയെ പഴിപറഞ്ഞ് വേവലാതിപ്പെട്ടില്ല. നാളെ പാരത്രിക ലോകത്ത് ലഭിക്കുന്ന സ്വര്‍ഗ്ഗീയ സുഖ ജീവിതത്തിന്റെ ദിവ്യാനുഭവം, എല്ലാ വേദനകളെയും വിരസതയെയും തരണം ചെയ്യാനുള്ള ഊര്‍ജ്ജമായി മാറി.

സമൂഹത്തില്‍ നിന്നും അകറ്റപ്പെട്ട് ആശുപത്രിയിലെ ശുശ്രൂഷകരുടെ കരുതല്‍ മാത്രം തുണയായിരുന്നവര്‍. രോഗാവസ്ഥയില്‍ വിരലുകള്‍ക്കൊപ്പം അറ്റുപോയത് പലരുടെയും ഉറ്റവരുമായുളള ബന്ധങ്ങളുമായിരുന്നു. ശരീരത്തിന്റെ മരവിപ്പ് മനസ്സിലേക്കും പടര്‍ന്ന്  കാലഗതിയില്‍ ഒറ്റപ്പെട്ടുപോയവരുടെ മനോവ്യഥകള്‍. ശോകമൂകമയ ഈ അന്തരീക്ഷത്തിലും ക്ഷമയുടെയും സഹനത്തിന്റെയും നേര്‍രൂപമായി മരണം വരെയുളള ഓരോ നിശ്വാസവും മഹതിയുടെ ഹൃദയാന്തരങ്ങളെ പ്രകാശിതമാക്കി. 

ശരീരത്തിന്റെ വൈരൂപ്യങ്ങള്‍ ജനങ്ങളില്‍  നിന്നകറ്റിയെങ്കിലും, മനസ്സിന്റെ അകത്തളങ്ങളിലെ  ആ ആത്മീയ സൗന്ദര്യം സൃഷ്ടാവിനോട് അങ്ങേയറ്റം അടുപ്പിച്ചിരുന്നു.

അവസാനം പാപക്കറകളൊന്നുമില്ലാത്ത തെളിഞ്ഞ ഹൃദയവും,പുഞ്ചിരി തൂകിയ മുഖവുമായി കഴിഞ്ഞ റമദാന്‍ പതിനേഴിന്റെ പുണ്യ രാവില്‍, തന്റെ 76ാ മത്തെ വയസ്സില്‍, റബ്ബിന്റെ സന്നിധിയിലേക്ക് ആ ഉമ്മ യാത്രയായി.

റൂഹ് പിരിയുമ്പോള്‍ മാലാഖമാര്‍ ആത്മഹര്‍ഷത്തോടെ വരവേറ്റു കാണും...നശ്വരതയെ വിറ്റ് അനശ്വരതയെ പുല്‍കിയ ആ പുണ്യാത്മാവിനെ.

പരീക്ഷണങ്ങളില്‍ പതറി തോറ്റു മടങ്ങാനുള്ളതല്ല ജീവിതം...ആത്മസംയമനത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് ജയിച്ചു മുന്നേറാനുള്ളതാണെന്ന മഹത്തായൊരു സന്ദേശമാണ് തന്റെ ത്യാഗനിര്‍ഭരമായൊരു
ജീവിതാനുഭവങ്ങളിലൂടെ മഹതി നമുക്ക് പകര്‍ന്നു നല്‍കുന്നത്.

രക്ഷിതാവ്  കനിഞ്ഞേകിയ ഐശ്വര്യങ്ങളെയൊന്നും തിരിച്ചറിയാനാവാതെ ചെറിയ പ്രയാസങ്ങളില്‍ പോലും പരിതപിക്കുന്ന നമുക്കേവര്‍ക്കും,  അതില്‍ വലിയൊരു ഗുണപാഠമുണ്ട്.

നിസാര്‍ അലങ്കാര്‍ - കുവൈത്ത്

Related News