ചരിത്രം സൃഷ്ടിച്ച് ജിദ്ദ സീസൺ ഉത്സവം അവസാനിക്കുന്നു

  • 29/06/2022



റിയാദ്: ജനപങ്കാളിത്തത്തിൽ ചരിത്രം സൃഷ്ടിച്ച ജിദ്ദ സീസൺ ഉത്സവം ഞായറാഴ്ച അവസാനിക്കും. 129 ലധികം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും സർക്കസ് ഗ്രൂപ്പും മറ്റും പെങ്കടുത്ത 2,800 പരിപാടികളാണ് ഇതുവരെ അരങ്ങേറിയത്. 50 ലക്ഷം പേർ ഇതുവരെ പരിപാടികൾ ആസ്വദിച്ചു. 60 വിനോദ ഗെയിമുകൾ, 20 കൺസേർട്ടുകൾ, നാല് അന്താരാഷ്ട്ര പ്രദർശനങ്ങൾ തുടങ്ങിയവ ഒമ്പത് സ്ഥലങ്ങളിലായാണ് നടന്നത്. 

26 ഭാഷകളിലായി 11,000 ത്തിലധികം വാർത്താലേഖനങ്ങൾ പ്രസിദ്ധീകരിച്ച ജിദ്ദ സീസൺ നിരവധി പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. 68 രാജ്യങ്ങളിൽ നിന്നുള്ള വിവിധ മാധ്യമങ്ങളിലൂടെ ഏകദേശം 25 കോടിയിലധികം ജനങ്ങളിലേക്ക് പരിപാടിയെക്കുറിച്ചുള്ള വാർത്തകളെത്തി. 

ജിദ്ദ സീസൺ അതിന്റെ വിനോദ പരിപാടികളുടെ ലക്ഷ്യങ്ങളെ മറികടക്കുക മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു. ഈ സീസൺ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ചു. സ്വദേശി പൗരന്മാർക്ക് 74,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related News