സുരക്ഷിതമായ ഹജജ് ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി സൗദി

  • 03/07/2022



റിയാദ്: സുരക്ഷിതമായ ഹജജ് ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സൗദി അറേബ്യയിലെ മക്ക ഹെല്‍ത്ത് അഫയേഴ്സ്, മദീനയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റി എന്നിവയുടെ മേല്‍നോട്ടത്തില്‍ പുണ്യ നഗരങ്ങളില്‍ പരിശോധന നടത്തി.

ഈ ഹജജ് സീസണില്‍ മെഡിക്കല്‍ സൗകര്യങ്ങളുടേയും ജീവനക്കാരുടേയും തയ്യാറെടുപ്പിന്റെ തോത് അളക്കുന്നതിനായി മക്ക നഗരത്തില്‍ തീര്‍ഥാടക വസതികളിലൊന്നില്‍ ഫയര്‍ഫോഴ്സ് വിഭാഗം മോക്ക് ഡ്രില്‍ പരീക്ഷണം സംഘടിപ്പിക്കുകയുണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ഫലമായുണ്ടാകുന്ന തീപിടുത്തമാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. കെട്ടിടത്തിന് പുറത്ത് പുകയും തീയും പടരുകയും നിരവധി താമസക്കാരെ നീക്കം ചെയ്യുകയും ചെയ്തുകൊണ്ടുള്ളതായിരുന്നു മോക്ക് ഡ്രില്‍ പരീക്ഷണം. മാരകമായ പരിക്കുകളടക്കം 34 ഓളം അപകടങ്ങള്‍ കൃത്രിമമായി ഉണ്ടാക്കുകയും ഇവയില്‍നിന്നും രക്ഷതേടാനുള്ള ശ്രമങ്ങളും മോക്ക് ഡ്രില്‍ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മെഡിക്കല്‍ സ്റ്റാഫ് അവരുടെ നിയുക്ത സോണുകള്‍ അനുസരിച്ച് കേസുകള്‍ പരിശോധിച്ചു. റെഡ് സോണില്‍ ആറ് കേസുകള്‍, യെല്ലോ സോണില്‍ എട്ട് കേസുകള്‍, ഗ്രീന്‍ സോണില്‍ 16 കേസുകള്‍, ബ്ലാക്ക് സോണില്‍ നാല് കേസുകള്‍ എന്നിങ്ങനെയായിരുന്നു മോക്ക് ഡ്രില്‍ സ്ഥാനം പിടിച്ചിരുന്നത്. നിരവധി മെഡിക്കല്‍, സുരക്ഷാ അതോറിറ്റികളുടെയും വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് ഈ പരീക്ഷണം നടത്തിയതെന്ന് മക്ക ഹെല്‍ത്ത് അഫയേഴ്സ് വക്താവ് ഹമദ് അല്‍ ഒതൈബി സ്ഥിരീകരിച്ചു. മക്ക ഹെല്‍ത്ത് കെയര്‍ ക്ലസ്റ്ററിലും അനുബന്ധ ആശുപത്രികളായ അല്‍-നൂര്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍, കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ എന്നിവയിലെയും ആംബുലേറ്ററി സെന്റെറുകളിലെയും അത്യാഹിതങ്ങളുടെയും ദുരന്തങ്ങളുടെയും എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷന്റെ പങ്കാളിത്തത്തിനും പരീക്ഷണത്തിനും സാക്ഷ്യം വഹിച്ചായിരുന്നു മോക്ക് ഡ്രില്‍.

Related News