ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

  • 04/07/2022




റിയാദ്: ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി. അവസാന ഹജ്ജ് വിമാനം ഞായറാഴ്ച വൈകീട്ടാണ് ജിദ്ദയില്‍ തീര്‍ഥാടകരുമായി എത്തിയത്. മുംബൈയില്‍ നിന്ന് 113 തീര്‍ഥാടകരാണ് ഒടുവില്‍ എത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 56,637 ഉം സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി പതിനയ്യായിരത്തോളവും തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയത്. ഇവരെല്ലം മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും സന്ദര്‍ശിച്ച് എട്ട് ദിവസം അവിടെ ചെലവഴിച്ച ശേഷമാണ് ഇഹ്‌റാം കെട്ടി ഉംറയിലേക്കും ഹജ്ജിലേക്കും പ്രവേശിക്കുന്നതിനായി മക്കയിലെത്തി ചേര്‍ന്നത്. 

മക്കയിലെത്തിയവരെല്ലാം പലതവണ ഉംറ നിര്‍വഹിച്ചുകഴിഞ്ഞു. ഇനി ഹജ്ജ് കര്‍മങ്ങളാണ്. അതിന് വരുന്ന വെള്ളിയാഴ്ച അറഫാ സംഗമത്തോടെ തുടക്കമാവും. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ഹാജിമാര്‍ ഇതിനായി മക്കയിലെത്തി ചേര്‍ന്നിട്ടുണ്ട്. വിദേശത്ത് നിന്ന് എട്ടര ലക്ഷവും സൗദിയില്‍ നിന്ന് ഒന്നരലക്ഷവുമടക്കം മൊത്തം പത്ത് ലക്ഷം പേരെയാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുപ്പിക്കുന്നത്.

എട്ടര ലക്ഷം വിദേശ തീര്‍ഥാടകര്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍നിന്ന് മക്കയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇനി സൗദി അറബ്യേക്കുള്ളില്‍ നിന്ന് സ്വദേശികളും വിദേശികളുമായ തീര്‍ഥാടകരാണ് എത്തിച്ചേരാനുള്ളത്. അവര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മക്കയിലെത്തിച്ചേരും. ബുധനാഴ്ച രാത്രിയോടെ മുഴുവന്‍ തീര്‍ഥാടകരും മിനായിലേക്ക് നീങ്ങും. അവിടെയാണ് ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നതുവരെ ഹാജിമാര്‍ തങ്ങൂക.

Related News