അനധികൃതമായി പ്രവര്‍ത്തിച്ച പുകയില ഫാക്ടറി സൗദി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി: ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും

  • 08/07/2022

 



ദമ്മാം: സൗദി അറേബ്യയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പുകയില ഫാക്ടറി സൗദി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. ഇതുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയായ സൗദി പൗരന് ഒരു വര്‍ഷം ജയില്‍ശിക്ഷയും ഇന്ത്യക്കാരും ബംഗ്ലാദേശ് സ്വദേശികളുമായ 10 പേര്‍ക്ക് ആറു മാസം വീതം തടവുശിക്ഷയും വിധിച്ചു. ദമ്മാം ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 

പ്രതികള്‍ക്കെല്ലാം വന്‍തുക പിഴ ചുമത്തിയിട്ടുണ്ട്. ആകെ 720000 റിയാലാണ് പിഴ ചുമത്തിയത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് മേഖലയിലെ ഒരു കൃഷിസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയാണ് അധികൃതര്‍ കണ്ടുകെട്ടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് ഫാക്ടറി കണ്ടെത്തിയത്.

പാന്റിന്റെ ഉടമയും തൊഴിലാളികളും ലൈസന്‍സില്ലാതെ വാണിജ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പുകയില, മൊളാസസ് മിശ്രിതങ്ങള്‍ തയ്യാറാക്കി വാണിജ്യ ഡേറ്റയില്‍ കൃത്രിമം കാണിക്കുകയും ചെയ്തതായും തെറ്റായ വിവരങ്ങള്‍ പായ്ക്കില്‍ രേഖപ്പെടുത്തി പ്രാദേശിക വിപണികളില്‍ വില്‍പ്പന നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റെയ്ഡ് നടത്തിയത്. പ്ലാന്റ് അടച്ചുപൂട്ടാനും പിടിച്ചെടുത്ത വ്യാജ ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. 

Related News