സൗദിയില്‍ ടാക്സി ഡ്രൈവർമാർക്ക് ഇന്ന് മുതല്‍ യൂനിഫോം ധരിക്കല്‍ നിർബന്ധം

  • 12/07/2022




റിയാദ്: സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരും എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍മാരും സ്മാര്‍ട്ട് ഫോണ്‍ ആപ്പ് അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കു കീഴിലെ ഡ്രൈവര്‍മാരും ഇന്ന് മുതല്‍ യൂനിഫോം ധരിക്കല്‍ നിര്‍ബന്ധമാകും. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂനിഫോം ആണ് ഡ്രൈവര്‍മാര്‍ക്ക് ബാധകം.

ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നല്‍കാന്‍ ടാക്സി കമ്പനികള്‍ നിര്‍ബന്ധിതമാണ്. ഡ്യൂട്ടിക്കിടെ ഡ്രൈവര്‍മാര്‍ യൂനിഫോം ധരിക്കലും യാത്രക്കാരോട് മര്യാദയോടെയും ബഹുമാനത്തോടെയും നല്ല രീതിയിലും പെരുമാറലും നിര്‍ബന്ധമാണ്. യൂനിഫോം ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ തോതില്‍ പിഴ ചുമത്തും. ടാക്സി ഡ്രൈവര്‍മാര്‍ സൗദി ദേശീയ വസ്ത്രമോ നീളംകൂടിയ പാന്റും ഷര്‍ട്ടുമോ ആണ് ധരിക്കേണ്ടത്. പബ്ലിക് ടാക്സി ഡ്രൈവര്‍മാരുടെ യൂനിഫോം കറുത്ത പാന്റും ബെല്‍റ്റും ചാരനിറത്തിലുള്ള ഫുള്‍കൈ ഷര്‍ട്ടുമാണ്.

ജോലിക്കിടെ ഡ്രൈവര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ടാക്സി ഡ്രൈവര്‍മാരുടെ യൂനിഫോമില്‍ ആവശ്യാനുരണം കോട്ടോ ജാക്കറ്റോ ഉള്‍പ്പെടുത്താവുന്നതാണ്. സേവന ഗുണനിലവാരം ഉയര്‍ത്താനും പൊതുഅഭിരുചി നിയമാവലിക്ക് അനുസൃതമായി ഡ്രൈവര്‍മാരുടെ വേഷവിധാനം ഏകീകരിക്കാനും പൊതുരൂപം മെച്ചപ്പെടുത്താനുമാണ് ടാക്സി ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കുന്നതിലൂടെ പൊതുഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്.

Related News