അറബ് രാഷ്ട്രങ്ങളെ ഇസ്രയേലുമായി അടുപ്പിക്കാനുള്ള ബൈഡൻ്റെ നീക്കം പാളി

  • 17/07/2022



ജിദ്ദ : ഈ മാസം 13ന് ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി സൗദിയിൽ എത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ജിസിസി ഉച്ചകോടിയിൽ പങ്കെടുത്തത് കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. ഖത്തറും സൗദിയും കടുത്ത നിലപാടുകൾ സ്വീകരിച്ചതാണ് ഗൾഫ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സുരക്ഷാ ഉച്ചകോടിയെ ഉപയോഗപ്പെടുത്താമെന്ന ബൈഡന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായത്. മുഹമ്മദ് ബിൻ സൽമാനും മറ്റു ഗൾഫ് രാഷ്ട്രത്തലവന്മാർക്കുമൊപ്പം പ്രത്യക്ഷപ്പെടുന്നതിലൂടെ ഈ വിഷയത്തിലുള്ള എതിർപ്പുകളെ മറികടക്കാനാവുമെന്നായിരുന്നു ബൈഡന്റെ കണക്കുകൂട്ടൽ.

എന്നാൽ, ജറുസലേം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം ഉണ്ടാവാതെ മേഖലയിൽ ശാശ്വതമായി സമാധാനം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് സുരക്ഷാ ഉച്ചകോടിയിൽ സൗദിയും ഖത്തറും നിലപാട് ആവർത്തിക്കുകയായിരുന്നു.

'ഫലസ്തീനിൽ ഇസ്രയേലിന്റെ അന്താരാഷ്ട്ര നിയമലംഘനങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും അസ്ഥിരതയും തുടരും. സംഘർഷഭരിതമായ അന്താരാഷ്ട്ര സാഹചര്യത്തിൽ പശ്ചിമേഷ്യൻ മേഖലയിൽ ഉയർന്നുവരുന്ന അപകടങ്ങൾ തടയാൻ ഫലസ്തീൻ പ്രശ്‌നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. അധിനിവിഷ്ട ഭൂമിയിൽ വാസസ്ഥലങ്ങൾ നിർമ്മിക്കുകയും ജറുസലേമിന്റെ ഘടനയിൽ മാറ്റം വരുത്തുകയും ഗസയിൽ തുടർച്ചയായി ഉപരോധിക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇതവസാനിപ്പിക്കാൻ ഇസ്രായേൽ തയാറാവുന്നില്ലെങ്കിൽ മേഖലയിലെ സംഘർഷങ്ങളുടെയും അസ്ഥിരതയുടെയും മൂലകാരണമായി ഫലസ്തീൻ അവശേഷിക്കും.'-ഖത്തർ അമീർ പറഞ്ഞു.

ഇസ്രായേലുമായി പ്രതിരോധ രംഗത്തെ സഹകരണത്തിന് ഒരു ചർച്ചയും ച്ചയും ജിസിസിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രിയും പ്രഖ്യാപിച്ചു. ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാതെ മേഖലയിൽ സമാധാനം പുലരില്ലെന്ന് ജോർദാനും ജിസിസി ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി. ജിസിസി ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാക്കളായാണ് ജോർദാനും ഇറാഖും പങ്കെടുത്തത്.

Related News