സൗദി അറേബ്യയില്‍ വന്യമൃഗങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി

  • 22/07/2022



റിയാദ്: സൗദി അറേബ്യയില്‍ വന്യമൃഗങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളടക്കം ഇയാളുടെ ശേഖരത്തിലുണ്ടായിരുന്നു. തായിഫില്‍ നിന്ന് സൗദി പൗരനെ അറസ്റ്റ് ചെയ്‍തതെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇയാള്‍ കൈവശം വെച്ചിരുന്ന മൃഗങ്ങളെ നാഷണല്‍ വൈല്‍ഡ് ലൈഫ് സെന്റര്‍ ഏറ്റെടുത്തു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യയില്‍ മൂന്ന് കോടി റിയാല്‍ വരെ പിഴയും പത്ത് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും സംബന്ധിക്കുന്ന കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലുമാണ് വിവരം അറിയിക്കേണ്ടത്.

Related News