ഐ സി എഫ് കുവൈറ്റ് ഓക്സിജൻ പ്ലാന്റ് സമർപ്പണം

  • 11/08/2022


മലപ്പുറം: മലപ്പുറം ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് വേണ്ടി ഐ.സി.എഫ് നിർമ്മിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പണം 13-ന് ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
കോവിഡ് വ്യാപന കാലയളവിൽ ബഹു: മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഐ.സി.എഫ് കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്. കോവിഡ് പോലെയുള്ള രോഗങ്ങളാൽ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഏറ്റവും ചെലവ് വരുന്ന പദ്ധതിക്ക് തന്നെ ഐ.സി.എഫ് മുന്നിട്ടിറങ്ങിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായിവരുന്ന രണ്ടാമത്തെ പ്ലാന്റ് ഒരു മാസത്തിനകം സമർപ്പിക്കാനാകും. 
ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ(കെ.എം.എസ്.സി.എൽ)യും അനുമതിയോടെ കഴിഞ്ഞ വർഷം ജൂലൈയിലാണ് പദ്ധതികൾ ഏറ്റെടുത്തത്. ഒന്നരക്കോടി രൂപയാണ് രണ്ട് പ്ലാന്റുകൾക്കായി ഇതിനികം ചെലവായത്. 200 എൽ.പി.എം. ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത് (ചെലവ് 45,97,554 രൂപ). 
താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ SYS ന്റെ 200 സാന്ത്വനം വളണ്ടിയർമാരുടെ സമർപ്പണവും നാളത്തെ പരിപാടിയിൽ നടക്കും. 
കായിക, ഹജ്ജ്, വഖ്ഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പ്ലാന്റിന്റെ ഉല്ഘാടനവും കേരള മുസ് ലിം ജമാഅത്ത് പ്രസി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിക്കും. 
സമർപ്പണത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി വളണ്ടിയർ സമർപ്പണം നടത്തും. മുനിസിപ്പല്‍ ചെയർമാൻ മുജീബ് കാവടരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.പി. സൈദലവി മാസ്റ്റർ, മജീദ് കക്കാട്, മുസ്തഫ കോഡൂർ, എസ്.വൈ.എസ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് പറവൂർ, ഐ.സി.എഫ് നേതാക്കളായ സയ്യിദ് ഹബീബ് കോയ തങ്ങൾ, അബ്ദുൽ അസീസ് സഖാഫി മമ്പാട്, അബ്ദുൽ കരീം ഹാജി മേമുണ്ട, അബ്ദുൽ ഹമീദ് ചാവക്കാട്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ മോഹൻദാസ്, ഡി.സി. പ്രസി. വി.എസ് ജോയ്, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് നൂറേങ്ങൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.

Related News