ഐ സി എഫ് ഓക്സിജൻ പ്ലാന്റ് നാടിനു സമർപ്പിച്ചു

  • 14/08/2022

 

മലപ്പുറം: മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിക്ക് വേണ്ടി ഇസ്ലാമിക് കൾച്ചറൽ ഫൌണ്ടേഷന്‍ (ഐ.സി.എഫ് ) നിർമ്മിച്ച ഓക്സിജൻ പ്ലാന്റിന്റെ സമർപ്പണ കർമ്മം സംസ്ഥാന കായിക, ഹജ്ജ് , വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിര്‍വഹിച്ചു . കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് കാന്ത്പുരം എ. പി. അബൂബക്കർ മുസ്ലിയാർ സ്വിച്ച് ഓൺ ഹെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ 200 എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരുടെ സമർപ്പണം കേരള മുസ് ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി നിര്‍വഹിച്ചു.
 പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എഞ്ചി. അബ്ദുൽ ഹമീദ് ചാവക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, സമസ്ത നേതാക്കളായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി , എൻ അലി അബ്ദുള്ള, സി.പി. സൈതലവി മാസ്റ്റർ, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എസ്.വൈ.എസ് സംസ്ഥാന ഫിനാ. സെക്രട്ടറി മുഹമ്മദ്‌ പറവൂർ, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അലിഗർ ബാബു, ഐ.സി.എഫ് നേതാക്കളായ അബ്ദുൽ കരീം ഹാജി മേമുണ്ട , സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹന്‍ദാസ്‌ , ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയ് , മുനിസിപ്പൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് നൂറേങ്ങൽ, വാർഡ് കൗൺസിലർ സി. സുരേഷ് മാസ്റ്റർ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുജീബ് വടക്കേമണ്ണ പ്രസംഗിച്ചു. അബ്ദുൽ അസീസ് സഖാഫി മമ്പാട് സ്വാഗതവും മുസ്തഫ വകാഡൂർ നന്ദിയം പറഞ്ഞു. 
കോവിഡ് വ്യാപന കാലയളവിൽ നോർക്ക റൂട്സ് മുഖേന മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് ഐ സി എഫ് കേരളത്തിന് ആശ്വാസകരമാകുന്ന ഈ പദ്ധതി ഏറ്റെടുത്തത്. ഓക്സിജന്‍ പ്ലാന്‍റ് ഉള്‍പ്പെടെ പ്രവാസി സംഘടനകൾക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോര്‍ക്ക മുന്നോട്ടു വെച്ചിരുന്നു . കോവിഡ് പോലെയുള്ള രോഗങ്ങളാൽ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ അനിവാര്യമായ പദ്ധതിയെന്ന നിലയിലാണ് ഏറ്റവും ചെലവ് വരുന്ന ഓക്സിജൻ പ്ലാന്റ് നിർമാണം തന്നെ ഏറ്റെടുക്കാൻ ഐ സി എഫ് തയ്യാറായത്. മാനന്തവാടി ജില്ലാ ആശുപത്രിയിലും ഇതേരൂപത്തിൽ മറ്റൊരു പ്ലാന്റ് നിർമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിൻ്റെയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെയും (KMSCL) അനുമതിയോടെ കഴിഞ്ഞ വർഷം ജൂലൈയിലാണ് പദ്ധതികൾ ഏറ്റെടുത്തത്. 45,97,554 രൂപ ചെലവില്‍ 200 എൽ.പി.എം. ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത്. ഒരു കോടി രൂപയിലേറെ ചെലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായിവരുന്ന ഐ.സി.എഫിന്‍റെ രണ്ടാമത്തെ പ്ലാൻ്റ് വൈകാതെ സമർപ്പിക്കാനാകും. 

Related News