പ്രവാസി സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധം

  • 18/08/2022



റിയാദ്: സൗദി അറേബ്യയില്‍ വിദേശ സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. എല്ലാ വിദഗ്ധ തൊഴിലുകളിലും ലൈസന്‍സ് നിര്‍ബന്ധമാകും. മുനിസിപ്പല്‍, ഗ്രാമീണകാര്യ മന്ത്രാലയത്തിേന്റതാണ് തീരുമാനം. ഇത്തരം 81 സാങ്കേതിക തസ്തികകളിലാണ് ലൈസന്‍സ് വേണ്ടിവരുക.

തൊഴിലാളികളുടെ യോഗ്യതയും വൈദഗ്ധ്യവും പരിശോധിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. 'ബലദി' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാകും ലൈസന്‍സ് അനുവദിക്കുക. കാലാവധി കഴിയുേമ്പാള്‍ ഇതിലൂടെ പുതുക്കുകയും ചെയ്യാം. ഉയര്‍ന്ന കാര്യക്ഷമതയോടെ ജോലി ചെയ്യാന്‍ തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സുകള്‍ അനുവദിക്കുക.

ആവശ്യമുള്ളവര്‍ക്ക് പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കാം. സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ലൈസന്‍സ് നേടാനായില്ലെങ്കില്‍, അത്തരം സ്ഥാപനങ്ങളുടെ വാണിജ്യ ലൈസന്‍സ് പുതുക്കി നല്‍കില്ല. പുതിയ ലൈസന്‍സ് നേടാനും തൊഴിലാളിക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം പ്രതിസന്ധി മറികടക്കാന്‍ എല്ലാ തൊഴിലാളികള്‍ക്കും പെട്ടെന്ന് തന്നെ ലൈസന്‍സ് നേടാന്‍ ശ്രമിക്കണമെന്ന് സ്ഥാപനമുടമകളോട് മന്ത്രലായം ആവശ്യപ്പെട്ടു.

Related News