ഇസ്ലാമിക ദർശനങ്ങൾ നിത്യനൂതനം: ടി പി അബ്ദുൽ അസീസ്

  • 20/08/2022

 

മഹാനായ മുഹമ്മദ് നബി (സ) മയിലൂടെ പൂർത്തീകരിക്കപ്പെട്ട ദൈവീക മതമായ ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന ആദർശങ്ങൾ എന്നും നൂതനമായി നിലനിൽക്കുമെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെൻറർ മുൻ ജനറൽ സെക്രട്ടറി യും, വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സോഷ്യൽ വെൽഫെയർ സംസ്ഥാന കൺവീനറുമായ ടി. പി അബ്ദുൽ അസീസ് പ്രസ്താവിച്ചു. 

ഇസ്ലാം എന്നും വിമർശന വിധേയമായിട്ടുണ്ട് എന്നാൽ 
സത്യാന്വേഷണ ബുദ്ധിയോടെ നടത്തുന്ന വിമർശനങ്ങൾക്ക് ഇസ്ലാമിൽ കൃത്യമായ മറുപടി ലഭിക്കുകയും ഇസ്ലാമിൻറെ പ്രകാശപൂരിതമായ നന്മ ഉൾക്കൊള്ളാൻ കഴിയുകയും ചെയ്യുന്നു.

എപ്പോഴൊക്കെ ഇസ്ലാം വിമർശിക്കപ്പെടുന്നുവോ, പ്രവാചകൻ വിമർശിക്കപ്പെടുന്നുവോ അപ്പോഴൊക്കെ ഇസ്ലാമിക ആദർശങ്ങൾ പഠന വിധേയമാക്കുകയും സമൂഹമധ്യത്തിൽ ചർച്ചചെയ്യപ്പെടുകയും ചെയ്യുമ്പോൾ ഇസ്ലാം മുന്നോട്ടുവെച്ച ദർശനങ്ങളുടെ പ്രസക്തി കൂടുതൽ വ്യക്തമാവുകയാണ്. 

ഏതൊരു കാലഘട്ടത്തിലും മനുഷ്യർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും മനുഷ്യനന്മയ്ക്ക് ഉതകുന്നതും ആണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന ഓരോ ദർശനങ്ങളും എന്ന് അദ്ദേഹം ഉദാഹരണങ്ങളിലൂടെ സദസ്സിനെ ബോധ്യപ്പെടുത്തി. 

"മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം മാനവരിൽ മഹോന്നതൻ" എന്ന ശീർഷകത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ക്യാമ്പയിൻറെ ഭാഗമായി സാൽമിയ സോൺ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നിർവ്വഹിക്കുകയായിരുന്നു ടി പി അബ്ദുൽ അസീസ്.

'സാമ്പത്തിക ഇടപാടുകൾ പ്രവാചക മാതൃക' എന്ന വിഷയത്തിൽ പി എൻ അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് 
'വളരുന്ന തലമുറയും പതിയിരിക്കുന്ന അപകടങ്ങളും' എന്ന വിഷയത്തിൽ ഇഹ്സാൻ അയ്യൂബ് അൽഹികമി 
എന്നിവർ ക്ലാസ്സുകൾ എടുത്തു.
കെ.കെ.ഐ.സി. സാൽമിയ സോൺ പ്രസിഡൻറ് മുഹമ്മദ് അസ്‌ലം കാപ്പാടിന്റെ അധ്യക്ഷതയിൽ നടന്ന പരപാടിയിൽ സെൻറർ ഭാരവാഹികളായ സി. പി അബ്ദുൽ അസീസ്, അബ്ദുൽ അസീസ് നരക്കോട്, മെഹ്ബൂബ് കാപ്പാട്, സാലിഹ് മുണ്ടക്കൽ എന്നിവർ പങ്കെടുത്തു. അനാസാരി കാഞ്ഞങ്ങാട് സ്വാഗതവും, അൻസാർ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

Related News