ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കെ.ഐ.സി അനുശോചനം രേഖപ്പെടുത്തി

  • 28/08/2022



കുവൈത്ത് സിറ്റി : പ്രമുഖ പണ്ഡിതനും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

കര്‍മശാസ്ത്രത്തിലും വ്യാകരണ ശാസ്ത്രത്തിലും അത്ഭുതകരമായ അവഗാഹവും പ്രാവീണ്യവും തെളിയിച്ച ഉസ്താദവര്‍കള്‍ പാരമ്പര്യ പണ്ഡിതനിരയിലെ നിറസാന്നിധ്യമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ  സമസ്ത മുശാവറാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ചേലക്കാട് ഉസ്താദ്  സമസ്ത കോഴിക്കോട് ജില്ല പ്രസിഡണ്ട്, ജഃസെക്രട്ടറി തുടങ്ങിയ പദവികളും, ഓര്‍ക്കാട്ടേരി കുന്നുമക്കര നെല്ലാച്ചേരി ജുമാ മസ്ജിദ്, തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ ജുമാ മസ്ജിദ്, മൂരാട് കുന്നത്ത്കര ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖാസിസ്ഥാനവും 
വഹിച്ചിരുന്നു.

പട്ടിക്കാട് ജാമിഅ: നൂരിയയിലും, തുടര്‍ന്ന് നന്തി ദാറുസ്സലാം അറബിക് കോളജിലും, മടവൂര്‍ അശ്അരിയ്യ കോളജിലും , ചൊക്ലി എം.ടി.എം വാഫി കോളജിലും തുവ്വക്കുന്ന് വാഫി കോളജിലും മുദരിസായി സേവനം ചെയ്തിരുന്നു.

ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും വിനയവും സൂക്ഷ്മതയും കൈമുതലാക്കിയ ഉസ്താദവര്‍കള്‍ മാതൃകാപരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.

കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ശംസുല്‍ ഉലമ  ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ശീറാസി അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിത പ്രമുഖര്‍ ഗുരുനാഥന്‍മാരായിരുന്നു.

ജവിതം തന്നെ സമസ്തയുടെ ഉന്നതിക്കും ദഅവാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നീക്കിവെച്ച മഹാനവര്‍കളുടെ വേര്‍പാട് പ്രസ്ഥാനത്തിനും ദീനി സ്നേഹികള്‍ക്കും തീരാനഷ്ടമാണെന്നും കെ.ഐ.സി ഭാരവാഹികള്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

Related News