ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മാത്രമേ സാധ്യമാകൂ - .പി.കെ ഫിറോസ്

  • 28/08/2022



കുവൈത്ത് സിറ്റി: ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസ്സിന് പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. പതിനെട്ട് സംസ്ഥാനങ്ങളിലായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിയുടെ മുഖ്യ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ദേശീയ തലത്തിലും അത് തന്നെയാണ് അവസ്ഥ. ബി.ജെ.പിയാകട്ടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രവാക്യം ഉയര്‍ത്തിക്കാട്ടിയാണ് മുന്നോട്ട് പോകുന്നതും. സി.പി.എമ്മിനെയോ ഇടതുപക്ഷ കക്ഷികളെയോ ശത്രുക്കളായി ഇതുവരെ ബി.ജെ.പിക്ക് പ്രഖ്യാപിക്കേണ്ടിവന്നിട്ടില്ല. 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്ള രാജ്യത്ത് കേരളത്തിലെ ഒരു തുടര്‍ ഭരണം കൊണ്ട് മാത്രം ബി.ജെ.പിയെ പ്രതിരോധിക്കാമെന്ന മൗഢ്യമായ ധാരണയില്‍ മുന്നോട്ട് പോകുന്ന സി.പി.എം കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച "സമകാലികം 2022" പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ കെ ടി പി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. മെഡെക്സ് ചെയർമാൻ ഫാസ് മുഹമ്മദലി മർഹും മുഹമ്മദലിശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. പി,കെ.ഫിറോസിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് അസ്ലം കുറ്റികാട്ടൂർ നൽകി. മൂന്നു പതിറ്റാണ്ടുകാലം മുബാറക്കൽ കബീർ ഹോസ്പിറ്റൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച അറഫാത്തിനെ മെഡിക്കൽ വിങ്ങിനുവേണ്ടി പി.കെ ഫിറോസ് സാഹിബ് ഷാൾ അണിയിച്ചു. കെ എം സി സി സംസ്ഥാന വൈസ്പ്രസിഡന്റ്മാരായ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത് എന്നിവർ പ്രസംഗിച്ചു. കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അബ്ദുറസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

Related News