സൗദി അറേബ്യയുടെ പൗരാണിക തലസ്ഥാന നഗരം സന്ദർശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

  • 11/09/2022



റിയാദ്: രണ്ടുദിവസത്തെ ഔദ്യോഗിക പര്യടനത്തിന് റിയാദിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ശനിയാഴ്ച രാത്രി ദറഇയ ഗേറ്റ് വികസന അതോറിറ്റി പദ്ധതി മേഖല സന്ദര്‍ശിച്ചു. 

സൗദി അറേബ്യയുടെ പൗരാണിക ഭരണസിരാകേന്ദ്രമായിരുന്ന ദറഇയ ചരിത്രനഗരത്തിന്റെ സംരക്ഷണത്തിന് രൂപവത്കരിച്ച അതോറിറ്റിയാണ് ദറഇയ ഗേറ്റ്. നഗരത്തില്‍ പ്രവേശിച്ച മന്ത്രിക്ക് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപദേശകന്‍ അബ്ദുല്ല അല്‍-ഗാനം പദ്ധതിയെയും ചരിത്രനഗരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചുകൊടുത്തു.

അതിന് ശേഷം ഡോ. എസ്. ജയശങ്കര്‍ അതോറിറ്റി അധികൃതര്‍ക്കും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സല്‍വ കൊട്ടാരവും ദറഇയ ഗാലറിയും ത്രീഡി മാപ്പിങ് ഷോയും കണ്ടു. മന്ത്രിയെന്ന നിലയില്‍ സൗദിയിലെ ആദ്യ ഔദ്യോഗിക പര്യടനത്തിന് തുടക്കമിട്ട് ശനിയാഴ്ച രാവിലെ റിയാദിലെത്തിയ ഡോ. എസ്. ജയശങ്കര്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ആസ്ഥാനം സന്ദര്‍ശിക്കുകയും സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് മുബാറക് അല്‍-ഹജ്‌റഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

നിലവിലെ പ്രാദേശിക, ആഗോള സാഹചര്യങ്ങളെക്കുറിച്ചും അത്തരം സന്ദര്‍ഭത്തില്‍ ഇന്ത്യ-ജി.സി.സി സഹകരണത്തിന്റെ പ്രസക്തിയെക്കുറിച്ചും വീക്ഷണങ്ങള്‍ പരസ്പരം കൈമാറി. തുടര്‍ന്ന് ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള കൂടിയാലോചനകളുടെ യാന്ത്രികഘടന സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വൈകീട്ട് 4.30 ന് ഇന്ത്യന്‍ എംബസിയില്‍ പ്രവാസി പ്രതിനിധികളുമായുള്ള സംവാദത്തിലും മന്ത്രി പങ്കെടുത്തു. 

Related News