സൗദിയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സൗദി എംബസി

  • 19/11/2022


റിയാദ്: ഇന്ത്യയിൽനിന്നു സൗദിയിലെത്തുന്ന പുതിയ വിസക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ആവശ്യമില്ലെന്ന് ന്യൂഡെൽഹിയിലെ സൗദി എംബസി അറിയിച്ചു. കുറച്ചുനാൾ മുമ്പാണ് പോലിസ് ക്ലിയറൻസ് വേണമെന്ന നിബന്ധന കൊണ്ടുവന്നിരുന്നത്. പുതിയ വിസ സ്റ്റാമ്പ് ചെയ്യുവാൻ ഇന്നുമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എംബസി അറിയിച്ചു. 

സൗദി-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. സൗദിയും ഇന്ത്യയും തമ്മിൽ തന്ത്രപരമായ സഹകരണത്തിന്റെയും ശക്തമായ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കുന്നതായി എംബസി അറിയിക്കുകയായിരുന്നു.

പുതിയ വിസയിൽ സൗദിയിലേക്കു വരുന്നവർക്ക് ഈ തീരുമാനം ആശ്വാസകരമാകും. സൗദിയിൽ ഇരുപത് ലക്ഷത്തിലധികം ഇന്ത്യക്കാരാണുള്ളത്. സമാധാനപരമായി കഴിയുന്ന ഇന്ത്യക്കാരെ സൗദി അറേബ്യ പ്രശംസിക്കുന്നതായും സൗദി എംബസി പറഞ്ഞു.

Related News