നിയമന വിവാദം: പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

  • 24/11/2022

തിരുവനന്തപുരം: നിയമന വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പോപുലര്‍ ഫ്രണ്ട് നേരത്തെ സംംഘടിപ്പിച്ച സംസ്ഥാന ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാനായിരുന്നു ഡപ്യൂട്ടി മേയര്‍ ഹര്‍ജി സമര്‍പ്പിച്ചത്. 


സമരം ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കേരള ഹൈക്കോടതി ഹര്‍ജി തള്ളിയത്. സമരക്കാര്‍ മേയറുടെ ഓഫീസ് പ്രവര്‍ത്തനം തടഞ്ഞെന്നും കോര്‍പറേഷന്റേതായ പൊതുമുതല്‍ നശിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചെങ്കില്‍ പ്രത്യേകം ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഇക്കാര്യത്തില്‍ ഹര്‍ജി തള്ളിയത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസില്‍ കോര്‍പറേഷന്‍ എന്തിനാണ് കക്ഷി ചേരുന്നതെന്നും കോടതി ചോദിച്ചു.

അതേസമയം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പ് വഴി അയച്ചതെന്നാണ് കണ്ടേത്തണ്ടത്. ഇതിന് ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.

Related News