ഗൂഗിളിൽ നോക്കി കള്ളനോട്ട് ഉണ്ടാക്കി; അമ്മയും മകളും അറസ്റ്റില്‍

  • 24/11/2022

കോട്ടയം: ഗൂഗിളിൽ നോക്കി കള്ളനോട്ട് ഉണ്ടാക്കുകയും അത് ഉപയോഗിച്ച് ലോട്ടറി ടിക്കറ്റ് വാങ്ങുകയും ചെയ്ത അമ്മയും മകളും അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ,ഷീബ(34) എന്നിവരെയാണ് കോട്ടയത്ത് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കല്‍ നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകള്‍ കണ്ടെടുത്തു. വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്നും മകള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ പോലീസ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ എത്തി മകള്‍ ഷീബയെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് വിലാസിനി കള്ളനോട്ടുമായി ലോട്ടറി ടിക്കറ്റ് വാങ്ങാനെത്തിയത്. സംശയം തോന്നിയ കടയുടമ ഇവരെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ കടലാസില്‍ ഒളിച്ചു വച്ചിരുന്ന 500, 200, 100, 10 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. വ്യാജ നോട്ടുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും പ്രിന്ററും സ്‌കാനറും പോലീസ് കണ്ടെടുത്തു. 
 
വിശദമായ ചോദ്യം ചെയ്യലില്‍ ഗൂഗിളിൽ സെർച്ച് ചെയ്തു വീഡിയോ കണ്ടാണ് കള്ളനോട്ട് ഉണ്ടാക്കാൻ പഠിച്ചതെന്ന് ഷീബ പോലീസിനോട് പറഞ്ഞു. ഇത്തരത്തിൽ തയ്യാറാക്കുന്ന വ്യാജനോട്ട് അമ്മയുടെ കൈവശം കൊടുത്തുവിട്ട് ലോട്ടറി കടയിലും മാർക്കറ്റിലും കൈമാറുകയാണ് ചെയ്തിരുന്നതെന്നും ഇവര്‍ സമ്മതിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Related News